തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷം 209 കോടി രൂപ അറ്റലാഭം നേടിയതായി കേരള ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.5 കോടിയായിരുന്നു അറ്റലാഭം. രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വര്‍ഷങ്ങളിലും ലാഭം നേടാനായെന്നും ബാങ്ക് അറിയിച്ചു. കേരള ബാങ്കിനെ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തിയിരുന്നു. വായ്പാ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 25 ലക്ഷം രൂപയ്ക്കു മുകളില്‍ വ്യക്തിഗത വായ്പ പാടില്ലെന്നാണ് നിര്‍ദേശം.
അതേസമയം, സഹകരണ ബാങ്കുകളുടെ സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ നബാര്‍ഡ് വര്‍ഷാവര്‍ഷം ബാങ്കില്‍ പരിശോധന നടത്താറുണ്ടെന്നും ഇത് ഒരു സാധാരണ നടപടിക്രമമാണെന്നും ബാങ്ക് അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ ഇന്‍സ്‌പെക്ഷനെ തുടര്‍ന്ന് നടത്തിയ റേറ്റിങ്ങിലാണ് ബാങ്കിന്റെ റേറ്റിങ് ‘ബി’യില്‍ നിന്നും ‘സി’ ആക്കി മാറ്റിയത്. ഇത്തരത്തിലുള്ള മാറ്റം ബാങ്കിന്റെ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിക്കുന്നതല്ല. ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകള്‍, മോര്‍ട്ട്‌ഗേജ് വായ്പകള്‍ എന്നിവയുടെ പരമാവധി പരിധി 40 ലക്ഷം രൂപയില്‍ നിന്നും 25 ലക്ഷമായി കുറയുക മാത്രമാണ് ഉണ്ടാകുന്നത്.