
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ചെറിയതോതിലെങ്കിലും ഉയരുന്നതായി സൂചന. ശരാശരി പ്രതിദിന രോഗവ്യാപനം ഇന്നലെ 529 ആയി. ഏപ്രില്‍ 16ന് ശരാശരി പ്രതിദിന രോഗികള്‍ 102 ആയിരുന്നു. ഏഴു ദിവസത്തെ പുതിയ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിദിന രോഗവ്യാപന ശരാശരി കണക്കാക്കുന്നത്. തിങ്കളാഴ്ച 468 പേര്‍ക്കും ഇന്നലെ 747പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 3955 രോഗികള്‍ ചികിത്സയിലുണ്ട്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനാല്‍ ആരുടെയും രോഗനില ഗുരുതരമല്ല. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടിവരുന്നവരുടെ എണ്ണവും കുറവാണ്. എന്നാല്‍ ശരാശരി പ്രതിദിന മരണനിരക്ക് 13ആണ്.
ഇപ്പോഴും ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ 2039, ഡല്‍ഹിയില്‍ 1841, കര്‍ണാടകയില്‍ 1715, ഹരിയാനയില്‍ 1665 എന്നിങ്ങനെയാണ് തൊട്ടു പിന്നിലുള്ള സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. രാജ്യത്ത് മൊത്തം 14993 രോഗികളുണ്ട്.