തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു. കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയും നടത്താന്‍ പാടില്ല.
അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. പല ജില്ലകളിലും കനത്ത മഴയെത്തുടര്‍ന്നുള്ള ദുരിതം രൂക്ഷമാണ്. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.