തിരുവനന്തപുരം: മഴക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ദുരിതം പെയ്തിറങ്ങി. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള വന്‍നാശനഷ്ടങ്ങള്‍ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒമ്പത് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇരുപതോളം പേരെ കാണാതായി.
മഴക്കെടുതിയില്‍ വന്‍ദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കന്‍മേഖല വെള്ളത്തിലായി. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി.ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്.പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടലുണ്ടായി. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടി ഏഴ് പേരെ കാണാതായി. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയി.
ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എത്ര പേര് ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.