തെങ്കാശി: കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിഷയങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ ധാരണ. തെങ്കാശി – കൊല്ലം എസ്പിമാരുടെ നേതൃത്വത്തില്‍ തെങ്കാശി കുറ്റാലത്തു നടത്തിയ ബോര്‍ഡര്‍ മീറ്റിങ്ങിലാണു തീരുമാനം. അതിര്‍ത്തി വനമേഖലയിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നക്‌സല്‍ പരിശോധന ശക്തമാക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. തമിഴ്‌നാട്ടില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ഇത്തരം പരിശോധന നടക്കുന്നുണ്ടെന്നും ഇനിമുതല്‍ കേരള പൊലീസിനേയും ഉള്‍പ്പെടുത്തി പരിശോധന ശക്തമാക്കുമെന്നു തെങ്കാശി എസ്പി ആര്‍. കൃഷ്ണരാജ് അറിയിച്ചു.
ഇരു സംസ്ഥാനങ്ങളും കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും സംയുക്ത വാഹന പരിശോധന എല്ലാ ആഴ്ചയും നടത്താനും യോഗം തീരുമാനിച്ചു. തെങ്കാശി ജില്ലയ്ക്ക് ഇടുക്കി, കൊല്ലം ജില്ലാ അതിര്‍ത്തികളാണുള്ളത്. ഇതില്‍ കൊല്ലം ജില്ലയില്‍നിന്നും അച്ചന്‍കോവില്‍ – മേക്കര, ആര്യങ്കാവ് – കോട്ടവാസല്‍ വഴി മാത്രമെ വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് എത്തുകയുള്ളൂ. ഈ പാതയിലെ പരിശോധന ശക്തിപ്പെടുത്തും. ഇരു സംസ്ഥാനത്തും അപകടത്തില്‍പ്പെടുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ ബന്ധുക്കളെ വിവരം അറിയിക്കാന്‍ കേരള – തമിഴ്‌നാട് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
18 വിഷയങ്ങളാണു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. കൊട്ടാരക്കറ റൂറല്‍ എസ്പി കെ.ബി.രവി, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അനില്‍ദാസ്, ഡിസിആര്‍ബി ഡിവൈഎസ്പി അനില്‍കുമാര്‍, എസ്എസ്ബി ഡിവൈഎസ്പി സിനി ഡെന്നീസ്, തെങ്കാശി ഡിവൈഎസ്പി മണിമാരന്‍, ആര്യങ്കാവ് ആര്‍ഒ അബ്ജു കെ. അരുണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.