തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അഭിപ്രായം മനസ്സിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ട് പോകണം. കൂടുതല്‍ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ മികവാര്‍ന്ന അക്കാദമിക് വിദഗ്ദ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റേയും തലപ്പത്ത് കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാ എല്‍ഡിഎഫ് സര്‍ക്കാരുകളും ഇത്തരത്തില്‍ അക്കാദമിക് മികവുള്ളവരെ സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നിട്ടുണ്ട്. ചില ഘട്ടത്തില്‍ വ്യത്യസ്തമായ അനുഭവവും കേരളത്തിനുണ്ട്. 24 മണിക്കൂര്‍ പോലും പഠിപ്പിക്കാത്തവരെ സര്‍വകലാശയുടെ തലപ്പത്ത് ചിലര്‍ ഇരുത്തിയിട്ടുണ്ട്. പേരുകള്‍ എടുത്ത് പറയാത്തത് മര്യാദയുള്ളതുകൊണ്ടാണ്. ഗവര്‍ണറുടെ കത്തില്‍ വ്യാകുലപ്പെട്ടവര്‍ മുന്‍കാലങ്ങള്‍ മറക്കേണ്ട.തങ്ങള്‍ നിയമിച്ച വിസിയെ അന്നത്തെ തങ്ങളുടെ ഗവര്‍ണര്‍ക്കുതന്നെ നീക്കംചെയ്യേണ്ടി വന്നതൊക്കെ മറന്നതുകൊണ്ടാകും ഇത്തരം ആകുലത.
സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ‘ഗവര്‍ണര്‍ ഡിസംബര്‍ എട്ടിന് ഒരു കത്തയച്ചിരുന്നു. ഗവര്‍ണറുടെ ഉത്കണ്ഠ സര്‍ക്കാര്‍ അവഗണിക്കുകയല്ല ചെയ്തത്. അത് ഗൗരവത്തിലെടുത്ത്, ഉള്‍ക്കൊണ്ട് അതേദിവസം തന്നെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ട് കത്ത് നല്‍കുകയും വിശദീകരിക്കുകയും ചെയ്തു. ധനകാര്യ മന്ത്രിയും അദ്ദേഹത്തെ കണ്ടു. കണ്ണൂരിലായതുകൊണ്ട് തനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. ഫോണില്‍ സംസാരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.