ഇസ്ലാമാബാദ്: മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാന്‍ സുപ്രീം കോടതി, അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിച്ചു. അറസ്റ്റിനെതിരെ ഇമ്രാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇമ്രാന്‍ ഇന്നു ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകണം. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നതിനാല്‍ അനുയായികളെ നിയന്ത്രിക്കാനും കോടതി ഇമ്രാനോട് ആവശ്യപ്പെട്ടു.
കോടതിമുറിയില്‍ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയില്‍ രോഷം പ്രകടിപ്പിച്ച സുപ്രീം കോടതി, റജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയില്‍നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണു സാമ്പത്തികകുറ്റങ്ങള്‍ അന്വേഷിക്കുന്ന നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ കോടതിയില്‍ ഹാജരായപ്പോഴായിരുന്നു ഇത്. ബുധനാഴ്ച അഴിമതിവിരുദ്ധ കോടതി 8 ദിവസത്തേക്ക് എന്‍എബി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ അറസ്റ്റിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബന്ദ്യാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇമ്രാനെ ഒരു മണിക്കൂറിനകം ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. വൈകിട്ട് നാലരയോടെ ഹാജരാക്കി. തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രിക്ക് ആശ്വാസം പകര്‍ന്ന വിധി പ്രഖ്യാപനമുണ്ടായത്.