ന്യൂഡല്‍ഹി :ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന ആവര്‍ത്തിച്ചാല്‍ വിവരമറിയുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ തനിക്കുള്ള താല്‍പര്യവും പ്രീതിയും പിന്‍വലിച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദോഷം ചെയ്യുമെന്നതിനാല്‍ സിപിഎം ദേശീയ നേതൃത്വം പോലും ഈ വിഷയം ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു
ഗവര്‍ണറുടെ ചോദ്യങ്ങളില്‍ ചിലത്
കേരളത്തിലുള്ളവര്‍ ജോലി തേടി നാടുവിടുമ്പോള്‍ മന്ത്രിമാര്‍ 2 വര്‍ഷത്തേക്ക് 50 പേരെ പഴ്‌സനല്‍ സ്റ്റാഫാക്കി വച്ച് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാനുള്ള അവസരമുണ്ടാക്കികൊടുക്കുന്നത് ഖജനാവിന്റെ കൊള്ളയല്ലാതെ മറ്റെന്താണ്?
യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ ഏറ്റവുമധികം കേരളത്തില്‍ നിന്നായത് എന്തുകൊണ്ടാണ്? കേരളത്തില്‍ പണമുള്ളവര്‍ സ്വകാര്യസര്‍വകലാശാല തുടങ്ങാന്‍ തമിഴ്‌നാടും കര്‍ണാടകയും തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്?
ഗവര്‍ണര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ലക്ഷ്മണ രേഖയുണ്ട്. ഗവര്‍ണറുടെ ഫോണ്‍ കോളിനും കത്തിനും മുഖ്യമന്ത്രി മറുപടി നല്‍കാതിരിക്കുന്നത് ലക്ഷ്മണരേഖ കടക്കുന്നതായി നിങ്ങള്‍ക്കു തോന്നുന്നില്ലേ?
കേന്ദ്ര സര്‍ക്കാരിലെ ഒരു സെക്രട്ടറി എന്നെ കാണാന്‍ കഴിഞ്ഞ ദിവസം കേരള ഹൗസില്‍ വരാനിരുന്നതാണ്. മുഖ്യമന്ത്രി അതേ ദിവസം അവിടെയുണ്ടെന്നറിഞ്ഞയുടന്‍ എന്റെ സ്റ്റാഫിനെ വിളിച്ച് അദ്ദേഹം പറഞ്ഞു- ‘ഞാന്‍ ഇന്നു വരില്ല, ഞാന്‍ വന്നാല്‍ അവര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ചെയ്യും.’ കേരളത്തിലെ സര്‍ക്കാരിനു കീഴില്‍ ഭയത്തോടെയല്ലേ ആളുകള്‍ ജീവിക്കുന്നത്?