അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ ത്രിപാഠി (42 പന്തില്‍ 74), വെങ്കടേഷ് അയ്യര്‍ (30 പന്തില്‍ 53) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ശുഭ്മാന്‍ ഗില്‍ 13 ഉം ക്യാപ്റ്റന്‍ ഒയിന്‍ മോര്ഗന് ഏഴും റണ്‍സെടുത്തു പുറത്തായി. ജയത്തോടെ എട്ടു പോയിന്റുമായി കൊല്‍ക്കത്ത പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ടു പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് ആറാമതാണ്.
രോഹിതും ഡി കോക്കും 78 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ മുംബൈയ്ക്കു സമ്മാനിച്ചത്. 33 റണ്‍സില്‍നില്‍ക്കെ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്കി രോഹിത് പുറത്തായി. രണ്ടാമനായിറങ്ങിയ സൂര്യകുമാര്‍ യാദവിന് തിളങ്ങാനായില്ല. 10 പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത താരത്തെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്തു പുറത്താക്കി.
മുംബൈ മധ്യനിരയില്‍ ആര്‍ക്കും മികച്ച സ്കോര്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതാണ് വലിയ വിജയലക്ഷ്യമൊരുക്കുന്നതില് തിരിച്ചടിയായത്. ഇഷാന് കിഷന് (13 പന്തില്‍ 14), പൊള്ളാര്‍ഡ് (15 പന്തില്‍ 21), ക്രുനാല്‍ പാണ്ഡ്യ (9 പന്തില്‍ 12 ) എന്നിങ്ങനെയാണു മധ്യനിര താരങ്ങളുടെ സ്കോറുകള്‍. കൊല്‍ക്കത്തയ്ക്കായി ലോക്കി ഫെര്ഗൂസന്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. നരെയ്ന് ഒരു വിക്കറ്റും നേടി.