സോള്‍: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ ആദ്യ ഔദ്യോഗിക പ്രതികരണവുമായി ഉത്തര കൊറിയ. യുക്രെയ്നില്‍ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു. റഷ്യയ്ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ചാണു പ്യോങ്യാങ്ങിന്റെ പ്രതികരണം.
‘യുക്രെയ്നിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നതു യുഎസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളിലും കൂടിയാണ്’- ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. യുക്രെയ്ന് പിടിച്ചടക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനെ ലോകമാകെ വിമര്‍ശിക്കുമ്പോഴാണ് അനുകൂല നിലപാടുമായി ഉത്തരകൊറിയയിലെ കിം ജോങ് ഉന്‍ ഭരണകൂടം രംഗത്തെത്തിയത്.
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കും പുട്ടിനുമെതിരെ ഉപരോധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, യുദ്ധത്തില്‍നിന്നു പിന്മാറുമെന്ന യാതൊരു സൂചനയും റഷ്യയുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. യുക്രെയ്ന് പ്രതിസന്ധിക്കു കാരണം അമേരിക്കയാണെന്നു പറഞ്ഞു റഷ്യയെ പ്രീതിപ്പെടുത്തിയിരിക്കുകയാണ് ഉത്തര കൊറിയ. സുരക്ഷയ്ക്കായി റഷ്യയ്ക്കു ന്യായമായ നടപടികളെടുക്കാമെന്നും വ്യക്തമാക്കുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു വിഷയത്തില്‍ സ്വീകരിച്ചത്.