അടൂര്‍: പൊലീസ് സ്റ്റേഷനില്‍ കോവിഡ് പടരുന്നു. മൂന്നു എസ്ഐമാര്‍ക്കും ഒരു എഎസ്ഐക്കും ഇതു വരെ രോഗം സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കമുള്ള എസ്ഐമാരും മറ്റ് ഉദ്യോഗസ്ഥരും പൊലീസുകാരും പരിശോധനയ്ക്ക് സ്രവം നല്‍കി ഫലം കാത്തിരിക്കുകയാണ്. ഇവര്‍ക്കാര്‍ക്കും രോഗലക്ഷണം പ്രകടമല്ല.
കഴിഞ്ഞ കുറേ ദിവസങ്ങളായി പല കേസുകളിലായി നിരവധി പ്രതികളെ പിടികൂടുകയും സിപിഐ-സിപിഎം സംഘര്‍ഷം അടക്കം ജനങ്ങള്‍ തടിച്ചു കൂടിയ മേഖലകളില്‍ ജോലി ചെയ്യുകയും ചെയ്തവര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഉറവിടം അജ്ഞാതമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ഓരോന്നായി പിന്‍വലിച്ചതോടെ സ്റ്റേഷനിലേക്ക് പരാതി നല്‍കാനും മറ്റുമായി നിരവധി പേര്‍ എത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ ഇവരുമായി അടുത്ത് ഇടപഴകുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ അടൂര്‍ സ്റ്റേഷനിലെത്തിയവരും ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയവരും ആശങ്കയിലാണ്. ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കിയതിനാല്‍ ഫലം പെട്ടെന്ന് കിട്ടാനും ബുദ്ധിമുട്ടാണ്. പരിശോധനാ ഫലം വരാന്‍ ചുരുങ്ങിയത് ഒരു ദിവസമെടുക്കും. അതിനോടകം സാമ്പിള്‍ നല്‍കിയവര്‍ ആരുമായൊക്ക ബന്ധപ്പെട്ടുവെന്ന കണ്ടെത്താനും ബുദ്ധിമുട്ടാകും.