ദുബായ്: മലയാള ചലച്ചിത്രലോകം ഒന്നടങ്കം തങ്ങളുടെ പ്രിയ ചേച്ചിയുടെ വിയോഗത്തില്‍ ദുഃഖസാന്ദ്രമായിരിക്കെ, ദുബായിലെ മലയാളി യുവതി കെപിഎസി ലളിതയെ പരിചയപ്പെട്ട നിമിഷങ്ങള്‍ പങ്കിടുന്നു. ദുബായില്‍ മോഡല്‍ രംഗത്ത് ശ്രദ്ധേയയായ നര്‍ത്തകിയും നടിയുമായ ബിന്ദു സഞ്ജീവ് ആണ് കെപിഎസി ലളിതയുമായി പങ്കുവച്ച കുറേ മണിക്കൂറുകള്‍ ഓര്‍ക്കുന്നത്.
2018ല്‍ ഹനീഫ് അദാനി സംവിധാനം ചെയ്ത മിഖായേല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കൊച്ചിയില്‍ ചെന്നപ്പോള്‍ കെപിഎസി ലഭിതയോടൊപ്പം രണ്ടു സീനുകളില്‍ ബിന്ദുവിന് അഭിനയിക്കാനും സാധിച്ചു. സെറ്റിലെത്തിയയുടന്‍ ചേച്ചിയെ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയായിരുന്നു. അരികില്‍ വിളിച്ചിരുത്തി നാടും വീടും കുടുംബ കാര്യങ്ങളും ലളിത ചേച്ചി ചോദിച്ചു. എന്റെ മുഖം ആരെയൊക്കെയോ ഓര്‍മിപ്പിക്കുന്നുവെന്നു പറഞ്ഞ അവര്‍, സിനിമയില്‍ കൂടുതല്‍ നേട്ടമുണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
ഒന്നിച്ചുള്ള സീനിലും അല്ലാത്തപ്പോഴും ചേച്ചിയുടെ അഭിനയം കണ്ട് ഞാന്‍ വിസ്മയിച്ചുപോയി. മുഖ ഭാവങ്ങളിലും ശരീരഭാഷയിലും വളരെ സ്വാഭാവികതയോടെ ചേച്ചി അഭനയിക്കുന്നത് കണ്ടാല്‍ ആരും നോക്കി നിന്നുപോകും. അന്ന് പിരിയുമ്പോള്‍, വീണ്ടും കാണാം എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞത്. പക്ഷേ, ഇനിയൊരിക്കലും നേരിട്ട് കാണാനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ദുഃഖം. എങ്കിലും ആ അഭിനയപ്രതിഭയുടെ മുഖം മനസില്‍ എന്നും മായാതെ നില്‍ക്കും-ബിന്ദു പറഞ്ഞു.
പത്തനംതിട്ട പന്തളം സ്വദേശിനിയായ ബിന്ദു കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുന്നു. ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ എന്റെ മെഴുതിരിയത്താഴങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന്, മിഖായേല്‍, ഒരു അഡാര്‍ ലവ് സ്റ്റോറി, ഇരുപത്തൊന്നാം നൂറ്റാണ്ട്, മ്യാവൂ, കുരല്‍ (തമിഴ്), യുഗി എന്നീ ചിത്രങ്ങളിലും വേഷമിട്ടു.