തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്കായി നടപ്പുവര്‍ഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
കെ-ഫോണ്‍ നെറ്റ്വര്‍ക്കിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക, വൈഫൈ കവറേജ് വര്‍ധിപ്പിക്കുക, തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോര്‍ട്ടുകള്‍ സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും ധനമന്ത്രി വിശദീകരിച്ചു.
നിലവില്‍ സംസ്ഥാനത്തുടനീളം 2023 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി 44,000 ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം 8 ടെറാബൈറ്റ് ഡാറ്റ ഉപയോഗിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.