
കൊച്ചി: വികസനത്തിന് എതിരെയുള്ള ഏതാനും ചിലരുടെ എതിര്‍പ്പുകള്‍ക്കു വഴങ്ങിക്കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ജനസമക്ഷം കെറെയില്‍ പദ്ധതി’ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് സര്‍ക്കാര്‍ ഒരു തരത്തിലുള്ള എതിര്‍പ്പുകള്‍ക്കും വഴങ്ങിക്കൊടുക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ പാതയുടെ വീതികൂട്ടല്‍ ഉള്‍പ്പടെ വന്നപ്പോഴുണ്ടായ എതിര്‍പ്പുകളെയും അനുഭവങ്ങളെയും വിശദീകരിച്ചാണ് മുഖ്യമന്ത്രി കെറെയില്‍ എതിര്‍പ്പുകള്‍ക്കു സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കില്ല എന്നു വ്യക്തമാക്കിയിരിക്കുന്നത്.
നാടിന്റെ ഭാവിക്കു വേണ്ട കാര്യം, ചില ആളുകള്‍ എതിര്‍ത്തു എന്നതുകൊണ്ടു മാത്രം സര്‍ക്കാര്‍ ഉപേക്ഷിച്ചു പോകുന്നതു ശരിയല്ല. സര്‍ക്കാരിന്റെ പ്രഥമമായ ബാധ്യതയും കടമയും ഇന്നുള്ള അവസ്ഥയില്‍ നിന്നു നാടിനെ പുരോഗതിയിലേക്കു നയിക്കുക എന്നതാണ്. ജന ജീവിതം മെച്ചപ്പെടണം. ജീവിതം നവീകരിക്കപ്പെടണം. അതാവണം ഏതൊരു സര്‍ക്കാരും ചെയ്യേണ്ടത്. സര്‍ക്കാരില്‍ അര്‍പ്പിതമായ ആ ചുമതല നിറവേറ്റിയില്ലെങ്കില്‍ സ്വാഭാവികമായും ജനങ്ങളാകെ സര്‍ക്കാരിനെ കുറ്റപ്പെടുത്തും. ഏതാനും ചിലരുടെ എതിര്‍പ്പിനു മുന്നില്‍ വഴങ്ങിക്കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. നാടിന്റെ ഭാവിക്കു വേണ്ടത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ഉത്തരാവിദത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാതയുടെ കാര്യം എടുത്താല്‍, ഇതോടൊപ്പം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാനങ്ങള്‍ ദശാബ്ദങ്ങള്‍ക്കു മുന്‍പേ പദ്ധതി പൂര്‍ത്താക്കി. നമ്മള്‍ അവിടെ തന്നെ കിടക്കുകയായിരുന്നു. 2016ല്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ പ്രധാനമന്ത്രിയെ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞത് നമ്മള്‍ ഒരുമിച്ചു തുടങ്ങിയതാണെങ്കിലും നിങ്ങളുടെ നാട്ടില്‍ ദേശീയ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനത്ത് വളരെ നേരത്തെ അതു പൂര്‍ത്തിയാക്കിയിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ വന്നതേ ഉള്ളൂ. അടുത്ത തവണ നമ്മള്‍ കാണുമ്പോള്‍ എത്രത്തോളം ആയെന്ന് അപ്പോള്‍ പറയാം എന്ന് അന്നു മറുപടി നല്‍കി. അക്കാര്യത്തില്‍ എതിര്‍പ്പിനു കുറവൊന്നുമില്ലായിരുന്നു.
ഒരുപാടു തെറ്റായ പ്രചാരണങ്ങള്‍, ഭാഗമായി സംഭവിച്ചേക്കാവുന്ന വിപത്തുകളെക്കുറിച്ചുള്ള പ്രചാരണങ്ങള്‍, എല്ലാമുണ്ടായിട്ടും സര്‍ക്കാര്‍ ലക്ഷ്യത്തിലേയ്ക്ക് എത്തിയതാണ് പിന്നെ കണ്ടത്. വികസനത്തിനായി ഭൂമി നല്‍കിയവര്‍ സംതൃപ്തരാണ്. കാരണം വലിയ തോതിലുള്ള നഷ്ട പരിഹാരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇവിടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല നിലപാട്, ജനങ്ങളുടെ ഇതുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയുമില്ല, ജനങ്ങളുടെ ഒപ്പം നിന്ന് കഴിയാവുന്നത്ര സഹായിക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ആര്‍ക്കും പരാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.