കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കല്ലിടല്‍ മരവിപ്പിച്ചു എന്നും ഇനി സാമൂഹ്യ ആഘാത പഠനത്തിനുവേണ്ടി ജിയോ ടാഗ് സര്‍വേ നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്നെ എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്നും കെ റെയിലിനായി കൊണ്ടുവന്ന കല്ലുകളെല്ലാം എവിടെപ്പോയെന്നും സര്‍ക്കാരിനോട് കോടതി തിരിച്ചുചോദിച്ചു. സില്‍വര്‍ ലൈന്‍ കല്ലിടല്‍ ചോദ്യം ചെയ്ത് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
നേരത്തെ ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണ്. ഇത്തരമൊരു പ്രശ്നത്തില്‍ വികസനത്തിന്റെ പേരില്‍ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. ഇത് കോടതിയെ ആശങ്കപ്പെടുത്തുന്നുണ്ട്. കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ദേശീയ പാതയുടെ കാര്യത്തിലും കോലാഹലങ്ങള്‍ ഉണ്ടായിട്ടില്ല. നേരത്തെ അനുകൂല നിലപാടെടുത്ത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അശാന്തി കണ്ടാകണം നിലപാട് മാറ്റിയത്. കെ റെയിലിന്റെ കാര്യത്തിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, ഹര്‍ജിക്കാര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയില്‍ നിലപാടെടുത്തു. സര്‍വേ അനുവദിക്കാന്‍ പറ്റില്ലെന്നും അത് ചട്ടവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. എന്നാല്‍ ഇതിനോട് ഹൈക്കോടതി യോജിച്ചില്ല. സാമൂഹ്യാഘാത പഠനത്തിനായി സര്‍വേ തുടരാമെന്നും അതുമായി മുന്നോട്ടുപോവുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്ന് കോടതിയില്‍ ഹര്‍ജിക്കാരെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാഹിയിലൂടെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നുണ്ടോ എന്നുള്ളതടക്കമുള്ള കാര്യങ്ങളിലാണ് കോടതിക്ക് വ്യക്തത വരേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ രേഖകള്‍ പ്രകാരം മാഹിയിലൂടെ പോകുന്നില്ല എന്നുതന്നെയാണ് കോടതിക്ക് ബോധ്യമായിരിക്കുന്നത്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് ഹര്‍ജി ഇനി വിശദമായ പരിഗണിക്കുക.