ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി വന്‍ പ്രഖ്യാപനങ്ങള്‍. 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൃഷിക്ക് പ്രധാന പരിഗണന നല്‍കുന്നതായും ധനമന്ത്രി വ്യക്തമാക്കി.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
5 വന്‍കിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഗുണഭോക്താക്കള്‍ ആയ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണ ആയാല്‍ പദ്ധതി നടപ്പാക്കും. ജല്‍ജീവന്‍ മിഷന് 60,000 കോടി വകയിരുത്തും.
കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാന പരിഗണന നല്‍കും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കും.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാനായുള്ള വന്‍ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.