മാങ്കുളം: ബുധനാഴ്ച രാത്രി പെയ്ത മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് അല്‍പ്പം ഉയര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്കുള്ള കണക്കുപ്രകാരം 2398.16 അടിയാണ് ജലനിരപ്പ്. നേരത്തെ ഇത് 2398.04 അടി ആയിരുന്നു. കാലാവസ്ഥാവിഭാഗം പ്രവചിച്ച മഴ പെയ്യാത്തതിനാല്‍ വലിയ ആശങ്ക ഒഴിവായി.
ഈ സാഹചര്യത്തില്‍ ഡാമില്‍നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെങ്കിലും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി തത്സ്ഥിതി തുടരാനാണ് തീരുമാനിച്ചത്.
വെള്ളിയാഴ്ചത്തെ മഴ വിലയിരുത്തി ഷട്ടറുകള്‍ അടയ്ക്കണമോയെന്ന് തീരുമാനിക്കും.
മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തുവിടുന്നതുമൂലം കെ.എസ്.ഇ.ബിക്ക് ദിവസം പത്തുകോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നു. പുറത്തുവിടുന്ന വെള്ളംകൊണ്ട് ഇത്രയും രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമായിരുന്നെന്നാണ് ബോര്‍ഡ് പറയുന്നത്. പ്രവചനപ്രകാരമുള്ള മഴ പെയ്യാത്തതിനാല്‍ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറയ്ക്കാന്‍ കെ.എസ്.ഇ.ബി., ഡാം സുരക്ഷാ അതോറിറ്റിയിലും ആവശ്യപ്പെട്ടിരുന്നു.
നിലവിലെ റൂള്‍ കര്‍വ് 2399.3 അടിയാണ്. നിലവില്‍ അതിനേക്കാള്‍ ഒരടിയില്‍ താഴെയാണ് വെള്ളം. ആശങ്കയ്ക്ക് സാധ്യത ഇല്ലാത്തതുംകൂടി കണക്കിലെടുത്താണ് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വ്യാഴാഴ്ച രാവിലെ ചേര്‍ന്ന വിദഗ്ധസമിതിയില്‍ ഇപ്പോഴത്തെ അളവില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച കാര്യമായി മഴ പെയ്തില്ലെങ്കില്‍ ഷട്ടറുകള്‍ അടച്ചേക്കും.
ബുധനാഴ്ച പകല്‍മഴ കുറവായിരുന്നു. ജലനിരപ്പ് 2398 അടിയായി കുറഞ്ഞു. രാത്രി 37.8 മില്ലിമീറ്റര്‍ മഴ പെയ്തു. 29.79 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. ഇതോടെയാണ് ജലനിരപ്പ് 2398.16 അടിയിലേക്ക് ഉയര്‍ന്നത്. വ്യാഴാഴ്ച പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍, അറ്റകുറ്റപ്പണിക്ക് നിര്‍ത്തിയിട്ടത് ഉള്‍പ്പെടെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.