തിരുവനന്തപുരം: അടുത്ത 5 വര്‍ഷം വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നത് 4145.9 കോടി രൂപയുടെ അധിക വരുമാനം. അടുത്ത സാമ്പത്തിക വര്‍ഷം മാത്രം 2249.10 കോടിയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ന്നുള്ള 4 വര്‍ഷങ്ങളില്‍ 786.13 കോടി, 370.92 കോടി, 487.72 കോടി, 252.03 കോടി എന്നിങ്ങനെയാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്ന അധിക വരുമാനം.
അടുത്ത 5 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വരവും ചെലവും റഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ വര്‍ഷവും ബോര്‍ഡിനു കമ്മിയാണ്. അടുത്ത വര്‍ഷം മാത്രം കമ്മി 2852.58 കോടിയാണ്. തുടര്‍ന്നുള്ള 4 വര്‍ഷങ്ങളില്‍ 4029.19 കോടി രൂപ ,4180.26 കോടി, 4666.64 കോടി, 5179.29 കോടി എന്നിങ്ങനെ കമ്മി ഉണ്ടാകുമെന്നു പറയുന്നു. നിരക്കു കൂട്ടി ഇതു നികത്തണമെന്നാണ് ആവശ്യം. ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകള്‍ വാസ്തവം ആണോയെന്നു റഗുലേറ്ററി കമ്മിഷന്‍ പരിശോധിക്കും. ഇതനുസരിച്ചാവും നിരക്ക് വര്‍ധിപ്പിക്കുക.
സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് 2019 ജൂലൈ 8ന് ആയിരുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു പുറമേ ഹൈടെന്‍ഷന്‍ (എച്ച്ടി), എക്‌സ്ട്രാ ഹൈടെന്‍ഷന്‍ (ഇഎച്ച്ടി) വ്യവസായങ്ങള്‍, വാണിജ്യ ഉപയോക്താക്കള്‍ തുടങ്ങിയവരുടെ നിരക്കും കൂട്ടണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാര്‍ഹിക ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിന് അനുസരിച്ച് അധിക നിരക്ക് ഈടാക്കാനുള്ള നിര്‍ദേശം സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കുന്ന മുറയ്ക്ക് റഗുലേറ്ററി കമ്മിഷനു സമര്‍പ്പിക്കുമെന്നു ബോര്‍ഡ് പറയുന്നു. എല്ലാവര്‍ക്കും സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാന്‍ 8,200 കോടി രൂപയാണ് ആവശ്യം. ചെറിയൊരു തുക കേന്ദ്രം നല്‍കുമെങ്കിലും ബാക്കി എവിടെ നിന്നു കണ്ടെത്തുമെന്നു വ്യക്തമല്ല. സ്മാര്‍ട് മീറ്ററിലേക്കു മാറുമ്പോള്‍ തന്നെ സാധാരണ മീറ്റര്‍ വാങ്ങാന്‍ 300 കോടി രൂപ കൂടി ബോര്‍ഡ് വകയിരുത്തിയിട്ടുണ്ട്.