
തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മില്‍ അതൃപ്തി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ വൈദ്യുതി വകുപ്പിന്റെ പ്രകടനം പോരാ എന്ന വികാരം നേതൃത്വത്തില്‍ ചിലര്‍ക്കുണ്ട്. ഘടകകക്ഷി മന്ത്രിക്കെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറി നടത്തിയ വിമര്‍ശനം യാദൃച്ഛികമല്ലെന്നാണ് സൂചന.
കെഎസ്ഇബി ചെയര്‍മാന്റെ നടപടികള്‍ക്കെതിരെയായിരുന്നു സമരമെങ്കിലും കടുത്ത വിമര്‍ശനമായിരുന്നു ഘടകകക്ഷി മന്ത്രിക്കെതിരെ ഉണ്ടായത്. 1996ല്‍ പിണറായി വിജയന് വൈദ്യുതി മന്ത്രിയായ കാലം തൊട്ടിങ്ങോട്ട് എല്‍ഡിഎഫ് ഭരണകാലത്ത് വൈദ്യുതി വകുപ്പ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.
പവര്‍കട്ടില്ലാത്ത സംസ്ഥാനം എന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ നേട്ടമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തവണ വകുപ്പ് ജെഡിഎസിനു കൈമാറിയ ശേഷം സ്ഥിതി മാറിയെന്ന അഭിപ്രായമാണ് സിപിഎമ്മില്‍ ഉയരുന്നത്. ഭാവിയിലേക്കുള്ള വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യം നേരിടുന്നതിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്. സ്ഥലംമാറ്റം, പര്‍ച്ചേസിങ് എന്നിവയുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തപ്പെടുന്ന സിപിഎം സമ്മേളന കാലയളവില്‍ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക് പ്രാധാന്യമേറെ. ആശയ വിനിമയത്തിലെ പ്രശ്നമാണ് ഇപ്പോഴത്തേതെന്നും ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു സിപിഎം നേതാവ് പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിലയിരുത്തലുകളിലേക്ക് പാര്‍ട്ടി ഇതുവരെ കടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.