തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് ഏപ്രില്‍ 28നു ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് അറിയിച്ചത്.
വെള്ളിയാഴ്ച (29) വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും നിയന്ത്രണം ഉണ്ടാകില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇതിനിടയില്‍ ഏപ്രില്‍ 28ന് മാത്രമാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം സംസ്ഥാനത്തു നടപ്പിലാക്കിയിട്ടുള്ളത്. അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിങ് കോര്പറേഷന് ബാങ്കിങ് ഓഫര്‍ മുഖേന ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ (100.05) സ്വീകരിക്കാനും വൈദ്യുതി മേയ് മൂന്നു മുതല്‍ ലഭ്യമാക്കി തുടങ്ങാനും കെഎസ്ഇബില്‍ തീരുമാനിച്ചു.
ഇതിനു പുറമേ, പവര്‍ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യുവാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും ചെയ്തതോടെയാണു താല്‍ക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണമായും മറികടന്നത്. എങ്കിലും ഊര്‍ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ വൈകിട്ട് 6 മുതല്‍ 11 വരെ പരമാവധി ഒഴിവാക്കാനും മന്ത്രി അഭ്യര്‍ഥിച്ചു.