
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കള്‍ നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി. പുറത്തുനിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവുള്ളതിനാലാണ് സ്വയം നിയന്ത്രണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോഡ് ഷെഡ്ഡിങ്ങോ, പവര്‍ക്കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും അധികം വൈദ്യുതി ഉപഭോഗം നടക്കുന്നത് രാത്രി കാലത്താണ്. വൈകുന്നേരം ആറ് മണിമുതലുള്ള സമയത്താണ് വൈദ്യുതി ഉപയോഗം കൂടുതലായുള്ളത്. ഈ സമത്ത് നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജനങ്ങളോട് അനാവശ്യമായ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ കെ.എസ്.ഇ.ബി. നിര്‍ദേശിക്കാന്‍ കാരണം.
പുറത്തുനിന്നുള്ള വൈദ്യുതിയില്‍ ഇന്നുമാത്രം 200 മെഗാ വാട്ടിന്റെ കുറവുണ്ടായത്. ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള 200 മെഗാവാട്ടിലാണ് കുറവ്. കല്‍ക്കരി ക്ഷാമം മൂലം ഇവിടെ ഉല്‍പാദനത്തില്‍ കുറവ് വന്നതാണ് കാരണം. ഇതേ തുടര്‍ന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.