പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഇന്ന് വൈകിട്ട് ആറിന് ബംഗളൂരുവിന് പുറപ്പെടേണ്ടിയിരുന്ന കെ-സ്വിഫ്റ്റ് സര്‍വീസ് മുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പോകാനെത്തിയവര്‍ മുഴുവന്‍ ബസുകളും ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടു.
പത്തനാപുരം സ്വദേശികളായ അനിലാല്‍, മാത്യു രാജന് എന്നീ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതാണ് സര്‍വീസ് മുടങ്ങാന്‍ കാരണമായത്. ഇരുവരെയും വൈകിട്ട് മൂന്നിന് ഡ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ ബന്ധപ്പെട്ടിരുന്നു. തങ്ങള്‍ കൃത്യമായി ഡ്യൂട്ടിക്ക് വരുമെന്നാണ് ഇവര്‍ പറഞ്ഞത്. ഈ കാള്‍ സ്റ്റേഷന് മാസ്റ്ററുടെ ഫോണില്‍ റെക്കോഡഡ് ആണ്. അഞ്ചു മണിയായിട്ടും ഇവരെ കാണാതായതോടെ വീണ്ടും വിളിച്ചു നോക്കിയെങ്കിലും മൊബൈല്‍ഫോണുകള്‍ ഓഫായിരുന്നു. കൃത്യം ആറു മണിക്ക് മുന്‍പ് തന്നെ ബുക്ക് ചെയ്ത യാത്രക്കാര്‍ ഡിപ്പോയില്‍ എത്തിയിരുന്നു. ബസ് എടുക്കുന്നില്ലെന്ന് വന്നതോടെയാണ് ഇവര്‍ പ്രതിഷേധം തുടങ്ങിയത്.
ഡ്രൈവര്‍മാര്‍ മുങ്ങിയ വിവരം അറിഞ്ഞ് രാത്രി ഏഴു മണിയോടെ യാത്രക്കാര്‍ ഉപരോധം തുടങ്ങി. ബസ് സ്റ്റാന്‍ഡില്‍ എത്തിയ മുഴുവന്‍ ബസുകളും ഇവര്‍ തടഞ്ഞിട്ടു. ഇതോടെ ഡിപ്പോ അധികൃതര്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്. 38 ടിക്കറ്റുകളാണ് ഈ സര്‍വീസിന് മംഗലാപുരത്തേക്ക് ഉണ്ടായിരുന്നത്.
സ്വിഫ്റ്റ് ബസ് ഓടിക്കാന്‍ കെഎസ്ആര്‍ടിസിയിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് വശമില്ല. ഇതിനായി പ്രത്യേകം ഡ്രൈവര്‍മാരെ പരിശീലനം നല്കി നിയമിച്ചിരിക്കുകയാണ്. അങ്ങനെ പരിശീലനം കിട്ടിയ ഡ്രൈവര്‍മാര്‍ നിലവില്‍ പത്തനംതിട്ട ജില്ലയില്‍ തന്നെയില്ല. പത്തനാപുരം സ്വദേശികളായ മറ്റ് ഡ്രൈവര്‍മാരെ കിട്ടാന്‍ ഡിപ്പോ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും രാത്രി എട്ടര വരെ ലഭ്യമായിട്ടില്ല. ഇവരെ എത്തിച്ച് ഒമ്പതു മണിയോടെ സര്‍വീസ് തുടങ്ങാനുള്ള ശ്രമം നടക്കുകയാണ്.
കെ-സ്വിഫ്ട് ആരംഭിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘദൂര സര്‍വീസിന് പോകുന്ന ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കി അയയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. എംഡി ബിജു പ്രഭാകര്‍ ഇടപെട്ടാണ് അവരെ വേണ്ടെന്ന് വച്ചത്. കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെയും 10 വര്‍ഷമായി സര്‍വീസില്‍ ഉള്ളവരെയും വേണ്ടെന്നായിരുന്നു സിഎംഡിയുടെ തീരുമാനം. ബംഗളൂരുവിലേക്കുള്ള സ്വകാര്യ എ.സി ബസുകള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കിയാണ് കെ-സ്വിഫ്ടില്‍ നിയോഗിച്ചത്. ഇവര്‍ ഏത് അധികാര കേന്ദ്രത്തിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവരുടെ അവധി, സേവന വേതന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് കെ.എസ്.ആര്.ടി.സി അധികൃതര്‍ക്ക് അറിയുകയുമില്ല. ഡ്യൂട്ടിക്ക് എത്താത്ത ഡ്രൈവര്‍മാരുടെ പേരില്‍ എന്തു നടപടി എടുക്കണമെന്നതും അജ്ഞാതമാണ്. ഇപ്പോഴും ഡിപ്പോയില്‍ ഉപരോധം തുടരുകയാണ്.