കൊച്ചി: തിരുവനന്തപുരത്തുകാര്‍ ‘അനാകോണ്ട’യെന്നും ‘പാമ്പ് ‘ എന്നും വിളിച്ചിരുന്ന ബസ് കൊച്ചിക്കു വന്നതു നാട്ടുകാരറിഞ്ഞില്ല. കഷ്ടപ്പാടിലായതിനാലാവാം, കെഎസ്ആര്‍ടിസി ആരെയും ഇക്കാര്യം അറിയിച്ചില്ല. തോപ്പുംപടിയില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു കെഎസ്ആര്‍ടിസി ഓടിക്കുന്ന പുതിയ ഓര്‍ഡിനറി സര്‍വീസ് ആണ് കഥാപാത്രം, വെസ്റ്റിബുള്‍ ബസ്. 17 മീറ്റര്‍ നീളമുള്ള ഇരട്ട ബസ്. ട്രെയിനിന്റെ രണ്ടു കോച്ചുകളെ ബന്ധിപ്പിക്കുന്നതു പോലുള്ള ബസിനു ‘കെഎസ്ആര്‍ടിസിയുടെ ട്രെയിന്‍’ എന്നും വിളിപ്പേരുണ്ട്.
കെഎസ്ആര്‍ടിസിയുടെ ഇത്തരത്തിലുള്ള ഏക ബസ് ആണിത്. കരുനാഗപ്പള്ളിയില്‍ നിന്നു രാവിലെ 8.30 നു പുറപ്പെടുന്ന ബസ് തോപ്പുംപടിയില്‍ 1.20 ന് എത്തും. തോപ്പുംപടിയില്‍ നിന്നു 2 നു പുറപ്പെട്ട് 7 നു കരുനാഗപ്പള്ളിയിലെത്തും. 10 വര്‍ഷമായി ആറ്റിങ്ങല്‍ – കിഴക്കേക്കോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് റിട്ടയര്‍മെന്റിനു മുന്‍പ് അല്‍പം ആശ്വാസത്തോടെ ഓടിക്കോട്ടെ എന്നു തീരുമാനിച്ചാണു നാഷനല്‍ ഹൈവേ സര്‍വീസിന് അയച്ചിരിക്കുന്നത്. 3 വര്‍ഷം കൂടി ഈ ബസ് നിയമപ്രകാരം ഓടിക്കാം.