രണ്ടു വര്‍ഷം കാലാവധിയുള്ള കമ്മറ്റിയില്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കടിച്ചു തൂങ്ങിക്കിടക്കുന്നു: കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരേ സംസ്ഥാന കമ്മറ്റിയില്‍ പടയൊരുക്കം

0 second read
0
0

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ചോര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ രാജിവെച്ച് പുനഃസംഘടനയ്ക്ക് വഴിയൊരുക്കണം എന്ന് ഉപാധ്യക്ഷന്‍ വി.പി അബ്ദുല്‍ റഷീദ്, കൊല്ലം ജില്ലാ അധ്യക്ഷന്‍ വിഷ്ണു വിജയന്‍ എന്നിവര്‍ ശക്തിയുക്തം ആവശ്യപ്പെടുന്ന ചര്‍ച്ചയുടെ ഭാഗങ്ങള്‍ ആണ് ചോര്‍ന്നത്.

ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് കൂടിയായ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ അജ്മല്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാര്‍ തുടങ്ങിയവരും നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ മുന്നോട്ട് വെച്ച പുനഃസംഘടനാ മാനദണ്ഡങ്ങളെ എതിര്‍ക്കുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ യാതൊരു വിധ ഇടപെടലും നടത്തിയില്ല എന്ന് പ്രവര്‍ത്തകര്‍ പരസ്യമായി സോഷ്യല്‍ മീഡിയായില്‍ പ്രതികരിച്ചത് സംബന്ധിച്ച് തുടങ്ങി വച്ച ചര്‍ച്ചയില്‍ ആണ് കാലാവധി കഴിഞ്ഞ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ച് പുതിയ ആളുകള്‍ക്ക് അവസരം നല്‍കണം എന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ വി.പി അബ്ദുല്‍ റഷീദ് ആവശ്യപ്പെട്ടത്.

രണ്ട് വര്‍ഷമാണ് കെ.എസ്.യു കമ്മിറ്റിയുടെ കാലാവധി, എന്നാല്‍ അഞ്ച് വര്‍ഷം ആയിട്ടും പുനഃസംഘടന നടത്താതെ ഏത് വിധേനയും കടിച്ചു തൂങ്ങാന്‍ ആണ് സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ശ്രമിക്കുന്നത് എന്ന് കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ വിമര്‍ശിച്ചു.അത് പോലെ തന്നെ ബ്ലോക്ക് പ്രസിഡന്റുമാരെയും സെനറ്റ് അംഗങ്ങളെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കില്ല എന്ന് പറയുന്നത് യാതൊരു പ്രവര്‍ത്തന പാരമ്പര്യവും ഇല്ലാത്ത തന്റെ അടുപ്പക്കാരായ കടലാസ് ഭാരവാഹികളെ നിയമിക്കാനുള്ള കെ.എസ്.യു പ്രഡിഡന്റിന്റെ ശ്രമം ആണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നും സംസ്ഥാന ഭാരവാഹികളായ ടിനു പ്രേം,എ.എ അജ്മല്‍ എന്നിവര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്ന വോയിസ് നോട്ടുകളും ചാറ്റും ആണ് സംസ്ഥാന ഭാരവാഹികളുടെ ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് ചോര്‍ന്നത്.

കെ.എസ്.യു പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ അന്‍സാറും സമാന അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സംസ്ഥാന കമ്മിറ്റിക്ക് രണ്ട് വര്‍ഷമാണ് കാലാവധി, എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും സമ്പൂര്‍ണ പുനഃസംഘടന നടത്താതെ ഏത് വിധേനയും തന്റെ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ ആണ് സംസ്ഥാന പ്രസിഡന്റ് ശ്രമിക്കുന്നത് എന്ന് സംസ്ഥാന ഭാരവാഹികളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അഭിപ്രായം ഉയര്‍ന്നു. സംസ്ഥാന അധ്യക്ഷനോടുള്ള ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും താല്പര്യക്കുറവാണ് ഇത്തരത്തില്‍ ഔദ്യോഗിക ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്ന് പ്രമുഖ കെ.എസ്.യു നേതാവ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സംഘടനാ പരാജയത്തിന്റെ കൂടി ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.എം.അഭിജിത്ത് ഉള്‍പ്പെടെ സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള പുനഃസംഘടനയാണ് വേണ്ടതെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ വി.പി അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…