പത്തനംതിട്ട: കെടിയുസി (എം) ജില്ലാ പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗവുമായ പി.കെ. ജേക്കബ് പാര്‍ട്ടിയിലെ മൂഴുവന്‍ സ്ഥാനമാനങ്ങളും രാജി വച്ചു. തല്‍ക്കാലം സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ തളര്‍ത്തുന്നതിലും തന്നോടും തനിക്കൊപ്പമുള്ള പ്രവര്‍ത്തകരോടും കാട്ടുന്ന അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ജേക്കബ് പറഞ്ഞു.
കഴിഞ്ഞ 46 വര്‍ഷമായി ഈ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് കൊണ്ടു നടക്കുന്ന ഒരു പ്രവര്‍ത്തകനാണ് താന്‍. പാര്‍ട്ടിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും ക്ഷീണത്തിലും സന്തോഷത്തിലുമെല്ലാം മാണി സാറിനൊപ്പം അടിയുറച്ചു നിന്നു. പല വിശ്വസ്തരും പലപ്പോഴായി പാര്‍ട്ടി വിട്ടു പോയപ്പോഴും താന്‍ അതിന് ശ്രമിച്ചില്ല. കെ.എസ്.സിയില്‍ നിന്ന് തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം യൂത്ത്ഫ്രണ്ടിലൂടെ വളര്‍ന്ന് കേരളാ കോണ്‍ഗ്രസി(എം)ലും കെടിയുസിയിലും വരെ എത്തി നില്‍ക്കുമ്പോള്‍, ഈ പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ചെറുതല്ലാത്ത ഒരു പങ്ക് എനിക്കുമുണ്ട്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവുമായി അടുത്ത കാലത്തായി യോജിച്ച് പോകാന്‍ കഴിയാതെ വന്നിരിക്കുന്നു. അതിന് പ്രധാന കാരണം യാതൊരു സംഘടനാ പാടവും പ്രവര്‍ത്തന പാരമ്പര്യവുമില്ലാത്ത ജില്ലാ പ്രസിഡന്റ് തന്നെയാണ്. അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച്, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ യാതൊരു സംഭാവനയും നല്‍കാതെ ജില്ലാ പ്രസിഡന്റിന്റെ കസേരയിലേക്ക് കെട്ടിയിറക്കപ്പെട്ട അദ്ദേഹത്തിന് സ്വന്തം ബിസിനസാണ് പരമ പ്രധാനം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജില്ലയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയും പ്രസിഡന്റും അദ്ദേഹത്തിനൊപ്പമുള്ളവരും അറിയിക്കാറില്ല.
പാര്‍ട്ടിയുടെ നേതാവ് എന്നതിലുപരി താനൊരു പോഷക സംഘടനയുടെ ജില്ലാ പ്രസിഡന്റ് കൂടിയായിട്ടാണ് ഈ സമീപനം. മൂന്നു തവണ ഈ വിവരം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ചില ചര്‍ച്ചകളും നടന്നു. ആ സമയം താന്‍ പറയുന്നതൊക്കെ ശരി വയ്ക്കുന്ന ജില്ലാ പ്രസിഡന്റ് തിരികെ ഇവിടെയെത്തുമ്പോള്‍ കടക വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുക.
തുടര്‍ച്ചയായി 10 വര്‍ഷം യുഡിഎഫ് ഭരിച്ച നഗരസഭയാണ് പത്തനംതിട്ട. ഇക്കുറി നഗരസഭാ ഭരണം എല്‍ഡിഎഫിന് നേടിക്കൊടുക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞു. രണ്ടു കൗണ്‍സിലര്‍മാരെ പാര്‍ട്ടി ചിഹ്നത്തില്‍ വിജയിപ്പിച്ചു. ഒരു സ്വതന്ത്ര കൗണ്‍സിലറെ ഒപ്പം കൊണ്ടു വന്നു. നഗരസഭയിലും മുന്നണിയിലും അങ്ങനെ നിര്‍ണായകമായ സ്വാധീനം നേടിയെടുക്കാനായി. എന്നിട്ടും ഈ കൗണ്‍സിലര്‍മാരെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി മീറ്റിംഗുകളില്‍ ക്ഷണിക്കുന്നില്ല. അവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുമില്ല. ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളോട് അവരും കടുത്ത അതൃപ്തിയിലാണ്.
കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ടൗണ്‍ വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായിരുന്ന റബേക്ക ബിജുവിനെ തോല്‍പ്പിക്കാന്‍ നേതൃത്വം കൊടുത്തവരെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ജില്ലാ പ്രസിഡന്റ് ഒത്താശ ചെയ്തു. ഇവരെ പാര്‍ട്ടിയില്‍ എടുത്തതു പോകട്ടെ, മണ്ഡലം കമ്മറ്റിയില്‍ സുപ്രധാന പദവികളും നല്‍കി. കാല്‍നൂറ്റാണ്ടായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഭാരവാഹിത്വമുള്ളവരെയും അറിയിക്കാതെയാണ് ഇങ്ങനെ ഒരു നിയമനം നടത്തിയത്. ഈ നടപടിയില്‍ മണ്ഡലം കമ്മറ്റികളില്‍ വ്യാപക എതിര്‍പ്പുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയേക്കാളുപരി സ്വന്തം ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് പ്രസിഡന്റ് നടത്തുന്നത്.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത രീതി തികച്ചും ജനാധിപത്യ വിരുദ്ധമായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റില്‍ ആകെയുള്ള 12 ല്‍ ഒമ്പതു പേരും സാം ജോയിക്കുട്ടിക്കൊപ്പം നിന്നപ്പോള്‍ മാത്യു നൈനാനെ കെട്ടിയിറക്കി പ്രസിഡന്റാക്കി. എന്നിട്ട് അതിനു പറഞ്ഞ ന്യായം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് ഇതെന്നായിരുന്നു. അങ്ങനെ ഒരു തീരുമാനം സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ ബന്ധുവിനെ യൂത്ത് ഫ്രണ്ടിന്റെ തലപ്പത്ത് എത്തിക്കാന്‍ വേണ്ടിയുളള കളിയായിരുന്നു ഇതെല്ലാം. തോറ്റവനെ ജയിപ്പിച്ച് ജനാധിപത്യം അട്ടിമറിച്ച ഈ പ്രവണത ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല.
നിരവധി പ്രവര്‍ത്തകരാണ് മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്ന് രാജി വച്ച് കേരളാ കോണ്‍ഗ്രസില്‍ ചേരാന്‍ എത്തിയത്. വലിയ ഗ്രൂപ്പുകളായി എത്തുന്ന ഇവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവേശനം നല്‍കാന്‍ ജില്ലാ പ്രസിഡന്റ് തയാറല്ല. അദ്ദേഹത്തിന്റെ വാദം വളരെ വിചിത്രമാണ്. ഇങ്ങനെ കൂട്ടത്തോടെ വരുന്നവര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുമെന്നും പിന്നീട് അവര്‍ ഒരു വിലപേശല്‍ ശക്തിയായി മാറുമെന്നുമാണ്. വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയിലേക്ക് കൂടുതല്‍ അണികള്‍ എത്തുമ്പോള്‍ നിസാര കാരണം പറഞ്ഞ് അവരെ ഒഴിവാക്കുന്നതിന് പിന്നില്‍ പ്രസിഡന്റിന് എന്തോ രഹസ്യ അജണ്ടയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കെടിയുസി എന്ന പോഷകസംഘടന സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാണ്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്മേല്‍ നിയന്ത്രണമില്ല. കെടിയുസിയില്‍ ജില്ലാ പ്രസിഡന്റ് ഇടപെടില്ലെന്ന് ഒരു ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍, കെടിയുസിക്ക് മണ്ഡലം ഭാരവാഹികളെയും പ്രസിഡന്റുമാരെയും എന്‍എം രാജു പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് നീതികേടാണ്. കെടിയുസി ജില്ലാ പ്രസിഡന്റിനെ വെറും റബര്‍ സ്റ്റാമ്പാക്കി മാറ്റുകയാണ് എന്‍എം രാജു ചെയ്തത്. ഇതൊക്കെ കണ്ടു കൊണ്ടു നില്‍ക്കാന്‍ ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും കഴിയില്ല. എന്റെ കൂടെ നില്‍ക്കുന്ന പാര്‍ട്ടിയുടെ പോഷക സംഘടന നേതാക്കന്മാരെ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുകയും ബലപ്രയോഗം നടത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
നിയോജക മണ്ഡലം കമ്മറ്റിയുടെ അംഗീകാരമോ അനുമതിയോ ഇല്ലാതെ മണ്ഡലം സെക്രട്ടറിമാരെ നോമിനേറ്റ് ചെയ്തു. ജില്ലാ കമ്മറ്റിയുടെ അധികാരം പ്രയോഗിച്ച് മണ്ഡലം കമ്മറ്റികളില്‍ ഇന്നലെ വന്നവരെ നിയോഗിക്കുന്നു.
കേരളാ വാട്ടര്‍ അതോറിട്ടിയില്‍ താല്‍കാലിക നിയമനം നടത്താന്‍ ചില നിയോജക മണ്ഡലം പ്രസിഡന്റുമാരെയും സ്വന്തം ബന്ധുക്കളെയും ക്വട്ടേഷന്‍ നല്‍കി നിയോഗിച്ചിരിക്കുന്നു. പിന്‍വാതില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് വ്യാപകമായ പണപ്പിരിവും അരങ്ങേറുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത ആറന്മുള നിയോജക മണ്ഡലം കമ്മറ്റിക്ക് കീഴില്‍ പല മണ്ഡലങ്ങളിലും കമ്മറ്റികള്‍ ഇല്ല എന്നുള്ളതാണ്. ഇതൊന്നു പുനസംഘടിപ്പിക്കാനുളള സമയം പോലും ജില്ലാ പ്രസിഡന്റിന് ഇല്ല. ചിലയിടങ്ങളില്‍ ഞാന്‍ മുന്‍കൈയെടുത്ത് മണ്ഡലം കമ്മറ്റികള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ജില്ലാ പ്രസിഡന്റ് അത് തടയുകയാണ് ഉണ്ടായത്. ഇദ്ദേഹത്തിന്റെ വരവോടുകൂടി പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ടുപോയി. ഇനിയും പാര്‍ട്ടി വിടാന്‍ നേതാക്കള്‍ തയാറെടുക്കുകയാണ്.
ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടയാളാണ് സ്വജന പക്ഷപാതവും സ്വന്തം ഗ്രൂപ്പുമായി മുന്നോട്ടു പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സ്വന്തം വാഹനം വിട്ടു കൊടുത്ത എന്‍എം രാജു അപ്പോള്‍ മനസു കൊണ്ട് ഏതു പാര്‍ട്ടിക്കൊപ്പമായിരുന്നു? വീണാ ജോര്‍ജിനെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് രാജുവിന്റേതായി ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മറ്റിക്കും വ്യക്തിപരമായി വീണാ ജോര്‍ജിനും ഈ വിഷയത്തില്‍ അതൃപ്തിയുണ്ട്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ കേരളാ കോണ്‍ഗ്രസ് നേതാവിന്റെ ചെയ്തികളും വിമര്‍ശന വിധേയമാകുന്നുണ്ട്. ഇത് ജില്ലയില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ക്ഷീണമായി. ഇത്രയുമൊക്കെ ചെയ്ത് പാര്‍ട്ടിയെ പടുകുഴിയില്‍ ചാടിച്ച എന്‍എം രാജു ജില്ലാ പ്രസിഡന്റായി തുടരുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം എതിര്‍പ്പിലാണ് . ഇങ്ങനെ ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ മടിക്കുന്നു.
അതുകൊണ്ട് മനസ്സും മടുത്ത ഞാന്‍ കെടിയുസി ജില്ലാ പ്രസിഡന്റ് സ്ഥാനവും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗത്വം രാജി വെച്ചു കൊണ്ട് നേതൃസ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.