പത്തനംതിട്ട: രാഹുല്‍ഗാന്ധിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധം വിവാദത്തില്‍. മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പരിപാടിയുടെ ഉദ്ഘാടകനാക്കിയതാത് വിവാദത്തിന് കാരണമായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വന്‍ വിമര്‍ശനമാണ് പ്രവര്‍ത്തകരും നേതാക്കളും ഉയര്‍ത്തുന്നത്.
രാഹുല്‍ഗാന്ധിയെയും ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളെയും തള്ളിപ്പറഞ്ഞ കുര്യന്‍ തന്നെ വേണോ ഉദ്ഘാടകനായിട്ടെന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം. ഡിസിസി പ്രസിഡന്റിന്റെ വിധേയത്വമാണ് കുര്യനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് പിന്നിലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെ സഹായിച്ചത് കൂര്യനാണെന്നും അതിന്റെ പ്രത്യുപകാരമാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
തിരുവല്ല നഗരസഭാ ഭരണം കോണ്‍ഗ്രസിന് നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് ഈ വിവാദം. ഇന്ന് രാവിലെ മുതല്‍ ഡിസിസി എയറില്‍ നില്‍ക്കുകയാണ്. ഭരണം നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും അതിന് തടയിടാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. കോന്നി, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് ഭരണം പോയിരുന്നു. അതിന് പിന്നാലെയാണ് ജില്ലയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയും നഷ്ടമായത്.
പോസ്റ്റ് ഓഫീസ് ഉപരോധത്തിന്റെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് കുര്യനെ നീക്കാത്ത പക്ഷം പരിപാടി ബഹിഷ്‌കരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരുടെ നീക്കം.