പത്തനംതിട്ട: ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ മന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കി. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മന്ത്രി ആരോപിച്ചു. അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണ്. ലൈംഗികാതിക്രമ പരാതിയില്‍ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിര്‍ത്തതായി ചൂണ്ടിക്കാട്ടിയ മന്ത്രി, ചിറ്റയം രാഷ്ട്രീയ മര്യാദ പാലിച്ചില്ലെന്നും ആരോപിച്ചു.
‘എംഎല്‍എമാരുടെ യോഗത്തിലും ഇടതു മുന്നണിയിലും പറയാത്ത കാര്യങ്ങളാണ് ചിറ്റയം ഗോപകുമാര്‍ പരസ്യമായി പറയുന്നത്. അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്. ഇക്കാര്യത്തില്‍ ചിറ്റയത്തിന്റെ ഫോണ്‍രേഖ പരിശോധിക്കണം. മുന്നണിയിലെ അനാവശ്യ വിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കും’ – വീണാ ജോര്‍ജ് പറഞ്ഞു.
നേരത്തേ, മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിറ്റയം ഗോപകുമാര്‍ രംഗത്തെത്തിയിരുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎല്‍എമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ തുറന്നടിച്ചു. പതിവായി അവഗണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടനത്തില്‍ ഡപ്യൂട്ടി സ്പീക്കര്‍ പങ്കെടുത്തിരുന്നില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല. അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല. ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.