തിരുവനന്തപുരം: കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടുമെന്നുള്ളത് കൊച്ചുകുട്ടികള്‍ക്ക് ഇടയിലുള്ള ഒരു പഴമൊഴിയാണ്. കുട്ടികള്‍ കള്ളം പറയാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രയോഗിക്കുന്ന ചെപ്പടി വിദ്യ.
ഇന്ന് സംസ്ഥാന നിയമസഭയില്‍ കള്ളം പറഞ്ഞവരുടെ കണ്ണു പൊട്ടിയ മട്ടിലൊരു സംഭവം ഉണ്ടായി. പൊടുന്നനെ വൈദ്യുതി നിലച്ച ഒരു മിനുട്ടോളം
നിയമസഭ ഇരുട്ടിലായി. രാവിലെ സഭാനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അല്‍പനേരത്തേക്ക് സഭയ്ക്കുള്ളില്‍ വൈദ്യുതി നിലച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് സഭാതലത്തിലെ ബള്‍ബുകള്‍ ഓഫായത്. സില്‍വര്‍ ലൈന് കോടികള്‍ ചെലവഴിച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ തന്നെ കറണ്ട് പോയെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. അതയത് കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടുമെന്ന് സാരം.
കറണ്ട് പോയെങ്കിലും ധനമന്ത്രി മറുപടി പ്രസംഗം തുടര്‍ന്നു. അല്‍പനേരത്തിന് ശേഷം ബള്‍ബുകള്‍ തെളിഞ്ഞ് സഭാ നടപടികള്‍ സാധാരണ നിലയിലായി.