ഇടുക്കി: കോവിഡ് കാലത്തെ പ്രതിസന്ധി മുതലെടുക്കാന്‍ വേണ്ടി കൂണുപോലെ മുളച്ചു പൊന്തിയവയായിരുന്നു ഓണ്‍ലൈന്‍ ലോണ്‍ ഇന്‍സ്റ്റന്റ് ആപ്പുകള്‍. തിരിച്ചറിയല്‍ രേഖ വാങ്ങി നിസാരമായ നടപടി ക്രമങ്ങളിലൂടെ ലോണ്‍ ലഭിക്കുമ്പോള്‍ ആര്‍ക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇത്തരം ഓണ്‍ലൈന്‍ ഇന്‍സ്റ്റന്റ് ലോണ്‍ കമ്പനികളുടെ തനിനിറം മനസിലായത്.
ഇവരുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വേണ്ടി ഫോണ്‍ കോണ്ടാക്ട് ലിസ്റ്റിലേക്ക് കടന്നു കയറാനുള്ള അനുവാദം കൊടുക്കേണ്ടിയിരുന്നു. ഇങ്ങനെ അനുവാദം കൊടുക്കുമ്പോള്‍ വലിയൊരു കെണിയിലാണ് തങ്ങള്‍ ചെന്നു പെടുന്നതെന്ന് ലോണ്‍ എടുക്കുന്നവര്‍ അറിഞ്ഞിരുന്നില്ല.
തിരിച്ചടവ് മുടങ്ങുമ്പോള്‍ ഈ കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ വാട്സാപ്പിലേക്ക് ലോണ്‍ എടുത്തയാളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും തെളിവിന് ഇവരുടെ ആധാര്‍ കാര്‍ഡ് അയച്ചു കൊടുക്കുകയുമാണ് ചെയ്തിരുന്നത്. സ്ത്രീകളാണെങ്കില്‍ അവരുടെ ചിത്രത്തില്‍ നിന്ന് തല വെട്ടിയെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നാണക്കേടും മാനഹാനിയും ഭയന്ന് ജീവനൊടുക്കിയവരും പണം തിരികെ അടച്ചവരുമുണ്ട്. പൊലീസില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികളും ചെന്നിരുന്നു.
സാധാരണക്കാരുടെ ഡിജിറ്റല്‍ നിരക്ഷരത മുതലെടുത്താണ് ലോണ്‍ ആപ്പുകള്‍ വഴി വന്‍തട്ടിപ്പ് നടത്തുന്നത്. പ്ലേ സ്റ്റോറില്‍ ധാരാണം ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളുണ്ട്. ഇവയില്‍ ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും ആര്‍ബിഐയുടെ എന്‍ബിഎഫ്സി ലൈസന്‍സ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20% മുതല്‍ 40% വരെയുള്ള കൊള്ളപ്പലിശയും 10 25 % പ്രോസസ്സിംഗ് ചാര്‍ജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും സോഫ്റ്റ് കോപ്പികള്‍ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാന്‍ വേണ്ടി ഇവര്‍ ആവശ്യപ്പെടുന്നുള്ളൂ. ഇഎംഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങും.
പിന്നീട്, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ ഫോണ്‍ ഉടമ സമ്മതിച്ച ഉറപ്പിന് പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങള്‍ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുകയും വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു. കൂടാതെ തിരിച്ചടവ് വീഴ്ചക്ക് 1 മുതല്‍ 3 ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്. തട്ടിപ്പിനിരയാവുന്നവര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാര്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്‍കുകയാണ്.
ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും വിദൂര നിയന്ത്രണത്തിലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കും. ലോണ്‍ തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ച് ജനുവരിയില്‍ തന്നെ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു പൊലീസ് നിര്‍ദേശം. നല്‍കിയിരുന്നു.
എന്നാല്‍, ആദ്യമാദ്യം തട്ടിപ്പിന് ഇരയായ മലയാളി ഇപ്പോള്‍ വായപെടുത്ത് അടിച്ചു പൊളിക്കുകയാണ്. ചില വിരുതന്മാര് പല കമ്പനികളില്‍ നിന്ന് വായ്പയെടുത്തു. പണം തിരിച്ച് അടയ്ക്കുന്നില്ല. ഇവരെ കുറിച്ച് കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അപവാദം പ്രചരിപ്പിക്കുന്നു. വായ്പയെടുത്തവര്‍ നാണക്കേട് കാര്യമാക്കുന്നില്ല. പണം തിരികെ അടയ്ക്കുന്നുമില്ല. നിയമപ്രകാരം പണം ഈടാക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നുമില്ല.
ഇക്കാരണത്താല്‍ ഇതൊരു വരുമാന മാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് മിക്കവരും. മലയാളികള്‍ക്ക് ലോണ്‍ നല്കി കുത്തുപാളയെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ് ഓണ്‍ലൈന്‍ ലോണ്‍ കമ്പനികള്‍. ലോണെടുത്തവരെ അപമാനിച്ചു കൊണ്ടുള്ള അറിയിപ്പുകള് വരുന്നതായുള്ള വാര്‍ത്തകള്‍ വ്യാപകമായതോടെ ആരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാതെയായി. മാനഹാനി കാര്യമാക്കാത്ത മലയാളികള്‍ ഇതോടെ കൂട്ടത്തോടെ ലോണ്‍ എടുത്ത് തിരിച്ചടയ്ക്കാതിരിക്കുകയാണ്.