തിരുവനന്തപുരം: ഈ മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് മുഖേന കടപ്പത്രമിറക്കി സര്‍ക്കാര്‍ 2,000 കോടി രൂപ ഇന്നലെ വായ്പയെടുത്തു. 23 വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍ 7.83% പലിശയ്ക്കായിരുന്നു കടമെടുപ്പ്.
സെപ്റ്റംബറിലെ ക്ഷേമ പെന്‍ഷന്‍ ഇതുവരെ സര്‍ക്കാരിനു വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഈ മാസം ആദ്യവാരമെങ്കിലും കൊടുത്തു തീര്‍ക്കേണ്ടതാണ്. കഴിഞ്ഞ 25ന് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവിറങ്ങേണ്ടതായിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. 3 മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു ക്രിസ്മസിനു നല്‍കാന്‍ കഴിയുമോ എന്ന ആലോചനയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണു സെപ്റ്റംബറിലെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത്. കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ കൂടി മുടങ്ങിയാല്‍ തുടര്‍ച്ചയായി 2 മാസം ക്ഷേമ പെന്‍ഷന്‍ വിതരണം തടസ്സപ്പെടും. നിലവില്‍ 55 ലക്ഷം പേരാണ് 1600 രൂപ വീതമുള്ള ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു മൂന്നോ നാലോ മാസത്തെ പെന്‍ഷന്‍ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ചു കൊടുക്കുന്നതായിരുന്നു രീതി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വോട്ട് ലക്ഷ്യമിട്ട് പെന്‍ഷന്‍ പ്രതിമാസം നല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയുള്ള തീരുമാനമായിരുന്നു അതെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ ധനവകുപ്പ്. ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 774 കോടി രൂപയാണ് വേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും നല്‍കാന്‍ പാടുപെടുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ ബാധ്യത കൂടി നിറവേറ്റാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.