അടൂര്‍: ഒരാഴ്ച മുമ്പ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കാറുകള്‍ കത്തിയ അതേ സ്ഥലത്ത് ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30-നാണ് അടൂര്‍റവന്യൂ ടവറിന് മുന്‍വശത്തെ ടൗണ്‍ ഹാള്‍ നിന്നിരുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന നഗരസഭയുടെ ടിപ്പറിന് തീപിടിച്ചത്.
ടിപ്പറിന്റെ സീറ്റിനടിയിലാണ് തീപിടുത്തം ഉണ്ടായത്. റേഡിയേറ്റര്‍, റേഡിയേറ്റര്‍ പൈപ്പ് എന്നിവയ്ക്ക് ഭാഗികമായി തീപിടിച്ചു. ഒരാഴ്ച മുമ്പാണ് ഇതേ സ്ഥലത്ത് വെച്ച് മുന്‍സിപ്പല്‍ എഞ്ചിനീയര്‍ റഫീക്കിന്റെ ഉടമസ്ഥതയിലുള്ള കാറും ആരോഗ്യ വകുപ്പിന്റെ ഉപയോഗ്യശൂന്യമായ കാറിനും തീപിടിച്ചത്.
മാലിന്യം ശേഖരിക്കുന്നതിന് വേണ്ടി മുനിസിപ്പാലിറ്റി വാടകയ്ക്ക് എടുത്ത ലോറിയാണ് കത്തിയത്. അടൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി. ലോറിയുടെ ബാറ്ററി ഭാഗം പുകഞ്ഞ് കൊണ്ടിരിക്കുന്ന നിലയില്‍ ആയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ബാറ്ററി ബന്ധം വിശ്ചേദിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം സേന മടങ്ങി. ലോറിയില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കന്നാസുകളും കവറുകളും ഉണ്ടായിരുന്നു