പാലാ: ഓണം ബംപര്‍ രണ്ടാം സമ്മാനം പാലായില്‍ വിറ്റ ടിക്കറ്റിന്. സമ്മാനാര്‍ഹനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ ടിജി 270912 നമ്പറിനാണ്. പാലായില്‍ കാല്‍നടയായി ടിക്കറ്റ് വിറ്റയാളില്‍ നിന്നു ടിക്കറ്റ് വാങ്ങിയ ആള്‍ക്കാണു സമ്മാനം അടിച്ചിരിക്കുന്നത്. ഭരണങ്ങാനം ചിറ്റിലപ്പള്ളി പാപ്പച്ചന് (70) മീനാക്ഷി ലക്കി സെന്ററില്‍ നിന്നു വാങ്ങി വില്പന നടത്തിയ ടിക്കറ്റാണിത്.
10 വര്‍ഷമായി പാപ്പച്ചന് ലോട്ടറി ടിക്കറ്റ് വില്പന രംഗത്തുണ്ട്. ഇതിനു മുന്‍പ് ഇദ്ദേഹം വിറ്റ ടിക്കറ്റിന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. പ്രധാനമായും പാലാ ടൗണിലും ഭരണങ്ങാനത്തുമാണ് ടിക്കറ്റ് വില്പന.
അതേസമയം, ഭരണങ്ങാനം സ്വദേശിക്കാണ് രണ്ടാം സമ്മാനമെന്നു പ്രചരിച്ചിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിയെങ്കിലും ലോട്ടറി അടിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ പറയുന്നത്.