തിരുവനന്തപുരം: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവറായ ജയപാലന്‍ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. വയനാട് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലാണ് പുതിയ ട്വിസ്റ്റ്.
തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്ന് തന്നെയാണ് മരട് സ്വദേശിയായ ജയപാലന്‍ ടിക്കറ്റെടുത്തത്. പത്താം തിയ്യതിയാണ് ടിക്കറ്റ് എടുത്തതെന്ന് ജയപാലന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വാര്‍ത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്.
ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റിക്കൊണ്ട് ബാങ്ക് നല്‍കിയ രസീതും ജയപാലന്‍ മാതൃഭൂമി ന്യൂസിനെ കാണിച്ചു. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലന്‍ പറഞ്ഞു.
നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശിക്കാണ് സമ്മാനം അടിച്ചതെന്ന അവകാശവാദം വന്നിരുന്നു. എന്നാല്‍ യഥാര്‍ഥ വിജയിയെ കണ്ടെത്തിയതോടെ ഇദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതായാണ് കരുതുന്നത്.