കോഴിക്കോട്: പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയതിന് സി.പി.ഐ. പ്രവര്‍ത്തകനെ ആക്രമിച്ചെന്ന് പരാതി. സി.പി.ഐ. വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗം കയ്യാലത്തോടി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം.
കോവൂരിലെ ടെക്സ്റ്റൈല്‍ സ്ഥാപനം അടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ വീടിന് മുന്‍വശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെല്‍മറ്റ് അഴിക്കാന്‍ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമാണ് പരാതി. അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടില്‍നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 21 തുന്നലുകളുണ്ട്.
ഭാര്യാസഹോദരനായ സ്വരൂപിന്റെ പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയതാണ് ക്വട്ടേഷന്‍ ആക്രമണത്തിന്റെ കാരണമെന്നാണ് റിനീഷിന്റെ പരാതി. സ്വരൂപിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും അക്രമിസംഘം ഇവരുടെ പേരുപറഞ്ഞാണ് ആക്രമിച്ചതെന്നും റിനീഷ് പറഞ്ഞു. സ്വരൂപിന്റെ പ്രണയവിവാഹത്തിന് പിന്തുണനല്‍കിയതിന്റെ പേരില്‍ നേരത്തെയും റിനീഷിന് ഭീഷണികളുണ്ടായിരുന്നു.
സി.പി.ഐ. ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് നേരേ നടന്ന ആക്രമണത്തില്‍ സി.പി.ഐ. ചേവായൂര്‍ ലോക്കല്‍ കമ്മിറ്റിയും നോര്‍ത്ത് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുക്കണമെന്നും സി.പി.ഐ. കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് വെള്ളിമാട്കുന്ന് റെഡ് യങ്സ് ഭാരവാഹികളും അറിയിച്ചു.