കണ്ണൂര്‍: കേരളത്തില്‍ ആദ്യമായി ലുലുമാള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കിയത് കോടിയേരി ബാലകൃഷ്ണനാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. തലശ്ശേരിയില്‍ കോടിയേരിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി, കേരളത്തിന്റെ വികസനം കണ്ട നേതാവാണെന്നും യൂസഫലി പറഞ്ഞു.
വര്‍ഷങ്ങളായി സ്നേഹബന്ധവും സാഹോദര്യബന്ധവും പുലര്‍ത്തിയ ആളാണ് കോടിയേരി. നിസ്വാര്‍ഥനായ നേതാവാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖമുണ്ട്. 15 കൊല്ലം മുന്‍പ് കോടിയേരി ദുബായിലെ ലുലു ഷോപ്പിങ് മാളില്‍ വരികയുണ്ടായി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇതുപോലെ ഒരെണ്ണം കേരളത്തില്‍ തുടങ്ങിക്കൂടെ എന്ന് അന്ന് ചോദിച്ചു. അതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊച്ചിയില്‍ മാള്‍ തുടങ്ങിയത്.
കേരളം വികസിക്കണമെന്നും ഭാവി തലമുറയ്ക്കു ജോലി ലഭിക്കണമെന്നും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നതായും എം.എ.യൂസഫലി പറഞ്ഞു. കോടിയേരിയുടെ വസതിയിലെത്തി റീത്ത് സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും തന്റെ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം അബുദാബിക്ക് മടങ്ങിയത്.