ദുബായ്: അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ്, ആദ്യമായി ഓഹരി വില്‍ക്കുന്നു. ലുലുവിന്റെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഓഹരി വില്‍പ്പനയിലേക്ക് ഇല്ല. ഗള്‍ഫില്‍ അടുത്ത വര്‍ഷം ഓഹരി വില്‍പന (ഐപിഒ) ലക്ഷ്യമാക്കി മോളിസ് ആന്‍ഡ് കമ്പനിയെ ഉപദേഷ്ടാവായി നിയോഗിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു.
ഓഹരി വില്‍പനയെ കുറിച്ച് ആലോചനയുണ്ടെന്നു ചെയര്‍മാന്‍ എം.എ. യൂസഫലി നേരത്തെ സൂചിപ്പിച്ചിരുന്നു. ലുലു ജീവനക്കാര്‍ക്കായിരിക്കും ഓഹരിയില്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജിസിസി രാജ്യങ്ങളില്‍ 239 സ്ഥാപനങ്ങളുള്ള ലുലു ഗ്രൂപ്പ് നിലവിലുള്ള സ്ഥാപനങ്ങളുടെ വികസനത്തിനു പുറമെ ഇറാഖ്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം വന്‍ പദ്ധതികളാണ് അടുത്ത വര്‍ഷം നടപ്പാക്കുന്നത്.
ഇതിനു മുന്നോടിയായാണ് ഓഹരി വില്‍പന. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. എത്ര ശതമാനം ഓഹരി വില്‍ക്കും എന്ന് മോളിസ് ആന്‍ഡ് കമ്പനിയുടെ പഠനത്തിനു ശേഷം തീരുമാനിക്കും. യുഎഇ വീസ ഉള്ള ആര്‍ക്കും ഓഹരി വാങ്ങാം.