പാറശാല: പിന്തുടര്ന്ന് ശല്യം ചെയ്തെന്നും, സോഷ്യല്‍ മീഡിയിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നുമുള്ള നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് അറസ്റ്റില്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവിന് മഞ്ജു നല്കിയ പരാതിയില്‍ പാറശാലയില്‍ നിന്നാണ് നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശിയായ സനല്‍കുമാര്‍ പിടിയിലായത്.
ഇന്നലെ രാവിലെ 10.30ന് എറണാകുളം എളമക്കര സ്റ്റേഷനില്‍ നിന്ന് മഫ്തിയിലെത്തിയ പൊലീസ് സംഘം പാറശാല ശ്രീ മഹാദേവര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സനല്‍കുമാറിനെ പിടികൂടിയത്. സനല്‍കുമാറും സഹോദരിമാരുമുള്‍പ്പെടുന്ന സംഘം കാറില്‍ പാറശാലക്ക് സമീപത്തെ കുടുംബ ക്ഷേത്രത്തിലേക്ക് പോകവേ, പൊലീസ് സംഘം പിന്തുടര്ന്നെത്തി വാഹനം തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. പാറശാല സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം എളമക്കര പൊലീസെത്തിയ സ്വകാര്യ ഇന്നോവ കാറില്‍ എറണാകുളത്തേക്ക് കൊണ്ട് പോയി. ഭീഷണിപ്പെടുത്തല്‍, ഐ.ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ വീട്ടുതടങ്കലിലാണെന്നും ആരോപിച്ച് സനല്‍കുമാര്‍ കഴിഞ്ഞയാഴ്ച ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.