കോഴഞ്ചേരി: നാലു മന്ത്രിമാരെ സാക്ഷിയാക്കി സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. 129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടന വേദിയിലായിരുന്നു മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ തുറന്നു പറച്ചില്‍.
വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന കേരളത്തിലാണ് നാം ജീവിക്കുന്നതെന്നും അധികാരികള്‍ എങ്ങനെയൊക്കെ വിശദീകരിച്ചാലും പലതിനും ന്യായീകരണമില്ലെന്നും മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ പറഞ്ഞു. സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ക്കാണ് സെസ് എന്നാണ് സര്‍ക്കാരും ധനമന്ത്രിയും പറയുന്നത്. ഇത് യുക്തിക്ക് നിരക്കുന്നതല്ല. ഇന്ധന സെസ്, വെള്ളക്കരം, നികുതി ഇതൊക്കെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല. തൊഴിലില്ലായ്മ ദേശീയതലത്തില്‍ ആറ് ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 11 ശതമാനമാണ്. കടബാധ്യത 80 ശതമാനവും.
ഉയര്‍ന്ന ചികിത്സാ ചെലവ് കേരളത്തില്‍ സാധാരണക്കാരെ വലയ്ക്കുന്നു. 15000 കോടി രൂപയുടെ മരുന്നുകളാണ് വിറ്റഴിക്കപ്പെടുന്നത്. ഇവിടെയാണ് സൗജന്യ ചികിസ പ്രസക്തമാകുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മന്ത്രിമാരായ വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍, ആന്റണി രാജു, എന്നിവരെ സാക്ഷിയാക്കിയായിരുന്നു വിമര്‍ശനം.
നാനാത്വത്തില്‍ ഏകത്വം പോഷിപ്പിക്കുന്ന കേരളത്തില്‍
നവോഥാനത്തിന്റെ മാതൃകയാണ് മരാമണ്ണിലെ ആത്മീയ സംഗമം. ഭിന്നിക്കുന്നവരെ ഒന്നിപ്പിക്കുകയാണ് മാരാമണ്‍ മണല്‍പ്പുറം ലക്ഷ്യമിടുന്നതെന്നും ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത. മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് കൂടിയായ മെത്രാപ്പോലീത്ത. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനം നാടിന് ഗുണകരമാകും. ലഹരിക്ക് അടിമപ്പെടാതെ സത്യം ധര്‍മ്മം, നീതി തുടങ്ങിയവയ്ക്കായുള്ള സമരമാണ് യുവജനത സ്വീകരിക്കേണ്ടത്. ആധ്യാത്മികതയ്ക്ക് പുതുവഴി തേടുന്ന ആധുനിക കാലഘട്ടത്തില്‍ യേശുവിന്റെ വഴികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. വിശ്വാസത്തില്‍ ഉറച്ച് നിന്ന് പ്രതിസന്ധികള്‍ തരണം ചെയ്യണമെന്നാണ് നമ്മെ പഠിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, കെ.യു. ജനീഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍, മുന്‍ എംപി പി.ജെ. കുര്യന്‍, മുന്‍ എം.എല്‍.എ മാരായ മാലേത്ത് സരളാദേവി, ജോസഫ് എം.പുതുശേരി, എലിസബത്ത് മാമന്‍ മത്തായി, ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലുര്‍ ശങ്കരന്‍, വൈസ് പ്രസിഡന്റ് സാറാ തോമസ്, ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജി അലക്സ്, അനീഷ് കുന്നപ്പുഴ, സാലി ലാലു, സാറാമ്മ സാജന്‍, ജിജി വറുഗീസ്, സുവിശേഷ സംഘം മുന്‍ ട്രസ്റ്റീ സാജന്‍ മാരാമണ്‍, പി.പി.അച്ചന്‍ കുഞ്ഞ്, പീലിപ്പോസ് തോമസ്, ജോര്‍ജ് കുന്നപ്പുഴ, കെ.കെ.റോയിസണ്‍,ജെറി മാത്യു തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ സംബന്ധിച്ചു.