കട്ടപ്പന: വണ്ടന്‍മേട് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് നഷ്ടമായി.സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസം പാസായി.യു ഡി എഫും ബിജെപിയും അവിശ്വാസത്തെ പിന്തുണച്ചു.സ്വതന്ത്ര അംഗം സുരേഷ് ശ്രീധരനാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. സിപിഎം അംഗം സിബി എബ്രഹാം ആയിരുന്നു പ്രസിഡന്റ്.
ഭര്‍ത്താവിനെ കുടുക്കാന്‍ എംഡിഎംഎ കെണിവെച്ച സംഭവത്തില്‍ പിടിയിലായതോടെ പതിനൊന്നാം വാര്‍ഡംഗവും പുറ്റടി സ്വദേശിനിയുമായ സൗമ്യ ഏബ്രഹാം രാജിവെച്ചിരുന്നു. പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ സീറ്റ് യുഡിഎഫ് വിജയിച്ചിരുന്നു.
ആകെയുള്ള 18 വാര്‍ഡുകളില്‍ ഭരണത്തിലിരുന്ന എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. പതിനൊന്നാം വാര്‍ഡംഗം കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജിവച്ചതിനെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുമ്പും യുഡിഎഫ് ബിജെപി സഖ്യത്തില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ വരണാധികാരി തള്ളിയിരുന്നു.
ആറുമാസം പൂര്‍ത്തിയായതോടെ ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കി. നിലവില്‍ എല്‍ഡിഎഫിന് എട്ട് അംഗങ്ങളുണ്ട്. യുഡിഎഫില്‍ ആറ് അംഗങ്ങളും ബിജെപിയുടെ മൂന്നും കോണ്‍ഗ്രസ് വിമത സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അംഗവും ചേര്‍ന്നാണ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 11ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സൂസന്‍ ജേക്കബാണ് വിജയിച്ചത്. എല്‍ഡിഎഫ് രംഗത്തിറക്കിയ ലിസ ജേക്കബ്ബിനെയും ബിജെപിയുടെ രാധ അരവിന്ദനെയുമാണ് സൂസന്‍ പരാജയപ്പെടുത്തിയത്.
മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്താകെ വലിയ ചര്‍ച്ചയായി മാറിയതാണ് വണ്ടന്മേട് പഞ്ചായത്തും പതിനൊന്നാം വാര്‍ഡായ അച്ചന്‍കാനവും. കാമുകനൊപ്പം ജീവിക്കാന്‍ വാഹനത്തില്‍ എംഡിഎംഎ വച്ച് ഭര്‍ത്താവിനെ കേസില്‍ പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. കേസില്‍ അകപ്പെട്ടതോടെ മെമ്പറായ സൗമ്യയില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ഇതോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വണ്ടന്മേട് പൊലീസ് കണ്ടെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിച്ച പൊലീസിന് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്നില്ലെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് എല്‍ഡിഎഫ് സ്വതന്ത്രയായി ജയിച്ച പഞ്ചായത്തംഗം സൗമ്യ, ഇവരുടെ കാമുകനും കൊച്ചറ ബാര്‍ദ്ദാന്‍മുക്ക് സ്വദേശിയായ വിദേശ മലയാളി വിനോദ്, വിനോദിന്റെ സുഹൃത്തുക്കാളായ ഷാനവാസ്, ഷെഫിന്‍ എന്നിവരിലേക്ക് എത്തിച്ചത്. പിന്നാലെ ഇവര്‍ ചേര്‍ന്ന് നടത്തിയ പദ്ധതിയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.