കൊച്ചി : രാജ്ഭവന്റെ അനുമതി പ്രകാരം വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 2 മാധ്യമങ്ങള്‍ക്കു നേരെ ‘ഗെറ്റൗട്ട്’ പ്രയോഗവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്നലെ രാവിലെ എറണാകുളം ഗെസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരെ കാണാനെത്തിയപ്പോഴാണു സംഭവം. കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്ര പുറപ്പെടുമ്പോള്‍ ഗവര്‍ണറെ കാണാന്‍ അവസരമുണ്ടെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇതുപ്രകാരം അനുമതി തേടിയ മാധ്യമങ്ങള്‍ക്ക് എത്ര മണിക്കെത്തണമെന്നു കാണിച്ച് രാജ്ഭവനില്‍ നിന്ന് മറുപടി ലഭിച്ചു. ഇതനുസരിച്ചെത്തിയവരില്‍ കൈരളി ടിവി, മീഡിയ വണ്‍ എന്നീ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെയാണു ഗവര്‍ണര്‍ തുടക്കത്തില്‍ തന്നെ ഇറക്കിവിട്ടത്. ജയ്ഹിന്ദ് ചാനല്‍ അനുമതി ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
ഇക്കൂട്ടത്തില്‍ കൈരളിയുടെ ആളുണ്ടോ, മീഡിയ വണ്ണിന്റെ ആളുണ്ടോ എന്നു ചോദിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചു തുടങ്ങിയത്. കൈരളി ടിവി, മീഡിയ വണ്‍ എന്നിവയോടു സംസാരിക്കില്ലെന്നും അവരുണ്ടെങ്കില്‍ താന്‍ ഒന്നും പറയാനുദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ 2 മാധ്യമങ്ങളും തുടര്‍ച്ചയായി തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കി വരികയാണെന്നും ഗവര്‍ണര്‍ പദവിയെ ഇകഴ്ത്തുന്ന പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്ഭവന്റെ അനുമതിയോടെയാണ് എത്തിയതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, രാജ്ഭവനില്‍ ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ വീഴ്ചവന്നിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും ഒരു സാഹചര്യത്തിലും കൈരളി ടിവി, മീഡിയ വണ്‍ പ്രതിനിധികളോടു സംസാരിക്കില്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.