ആലപ്പുഴ: ജില്ലയില്‍ പരിപൂര്‍ണമായ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം ആഹ്വാനംചെയ്തു. തുടര്‍ച്ചയായി നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെയും സംഘര്‍ഷങ്ങളെയും തുടര്‍ന്നാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ സര്‍വകക്ഷി യോഗത്തിന് നേതൃത്വം നല്‍കി.
ഇപ്പോള്‍ നടന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിലുണ്ടാകരുതെന്ന് സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സജി ചെറിയാന്‍ വ്യക്തമാക്കി. കൊലപാതകങ്ങളില്‍ പങ്കാളികളായവരെയും ഗൂഡാലോചനയില്‍ പങ്കാളികളായവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രണ്ട് കൊലപാതകങ്ങളെയും യോഗം ഏകകണ്ഠമായി അപലപിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ തലങ്ങളില്‍ സമാധാനത്തിനായുള്ള പ്രചാരണങ്ങള്‍ നടത്തും.
ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കും. പരാതികള്‍ പരസ്പരം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കാതെ മന്ത്രിമാരുടെയോ ജനപ്രതിനിധികളുടെയോ ശ്രദ്ധയില്‍ എത്തിക്കണം. സമാധാനം നിലനിര്‍ത്താന്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി രംഗത്തിറങ്ങണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.