ദുബായ്: മെഹസൂസ് ലോട്ടറിയുടെ ഭാഗ്യബംപര്‍ 20 കോടി രൂപ ഫിലിപ്പീന്‍സ് സ്വദേശി പട്ടാരിയോയ്ക്ക്(52). രണ്ടാഴ്ച മുന്‍പാണ് നൂറു കോടി രൂപ ബംപര്‍ സമ്മാനം പാക്കിസ്ഥാന്‍ സ്വദേശിക്ക് ലഭിച്ചത്. കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാന്‍ ഒന്നാം സമ്മാനത്തുക 20 കോടിയാക്കിയിരുന്നു. സമ്മാനം ലഭിക്കാന്‍ ശരിയാകേണ്ട നമ്പരുകളുടെ എണ്ണം അഞ്ചാക്കുകയും ചെയ്തിരുന്നു. നേരത്തേ ആറക്കവും ശരിയാകണമായിരുന്നു.
ഫുജൈറയില്‍ എണ്ണക്കമ്പനി ജീവനക്കാരനാണ് പട്ടാരിയോ. ജനുവരിയില്‍ ഇതേ കമ്പനിയിലെ ഉദ്യോഗസ്ഥന് സമ്മാനം ലഭിച്ചതോടെയാണ് താനും ആഴ്ചയില്‍ ഒന്നു വീതം ടിക്കറ്റെടുത്തു തുടങ്ങിയതെന്ന് പട്ടാരിയോ പറഞ്ഞു. ഇതാദ്യമായാണ് ഫിലിപ്പൈന്‍സ് സ്വദേശിക്ക് ഇത്രയും വലിയ തുക ലോട്ടറി സമ്മാനം ലഭിക്കുന്നതെന്ന് അധികൃതരും അറിയിച്ചു. ഭാര്യയും രണ്ടുമക്കളുമുള്ള പട്ടാരിയോ ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
മകന്റെ സെറിബ്രല്‍പ്ലാസി രോഗത്തിന്റെ ചികില്‍സയ്ക്ക് തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃത്യസമയത്താണ് പണം ലഭിച്ചത്. മകന് അടിയന്തരമായി ഓപ്പറേഷന്‍ ചെയ്യേണ്ടതുണ്ട്. ഈ പണം കൊണ്ട് അവന്റെ ജീവിതം കുറേക്കൂടെ മെച്ചപ്പെട്ടതാകുമെന്നും പട്ടാരിയോ പറഞ്ഞു. മൂക്കിലൂടെയും വായിലൂടെയും ട്യൂബിട്ട് അതുവഴിയാണ് ഭക്ഷണവും മറ്റും മകന് നല്‍കുന്നത്. 18 വയസ്സുള്ള മകന്‍ കുട്ടിക്കാലം മുതല്‍ ഈ അസുഖത്തിന്റെ പിടിയിലാണ്.
കോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം നാട്ടില്‍ പോയി ഭാര്യയെയും മക്കളെയും കാണാന്‍ സാധിച്ചിട്ടില്ല. അവരുടെ അടുത്തേക്ക് വേഗം പോകാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും പട്ടാരിയോ പറഞ്ഞു.