തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നടപ്പാക്കും. ലീറ്ററിന് 6 രൂപ കൂടും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ വര്‍ധന ഇന്നലെ മുതല്‍ നടപ്പാക്കാനാണു മില്‍മ ആലോചിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണിയും മില്‍മ ചെയര്‍മാന്‍ കെ.എസ്.മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, വിലവര്‍ധന നടപ്പാക്കാന്‍ മില്‍മയ്ക്ക് സര്‍ക്കാര്‍ ഇതുവരെ നിര്‍ദേശം കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാല്‍ വെള്ളിയാഴ്ച മില്‍മ ഭരണസമിതി യോഗം ചേര്‍ന്നു വിലവര്‍ധന നടപ്പാക്കാനാണ് ആലോചന. അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും.
പാല്‍ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ. ക്ഷീരകര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ വില ഇരട്ടിയായ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകര്‍ഷകരുടെ ആവശ്യം.