ന്യൂഡല്‍ഹി: കെ-റെയില്‍ പദ്ധതി നടത്തിപ്പിനായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടും. പൊതുബജറ്റിന് മുന്നോടിയായുള്ള സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് ഫണ്ട് ആവശ്യപ്പെടുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. റെയില്‍വേയുടെ വിഹിതമായ 2000 കോടി ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുക.
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ നടത്തിപ്പിനുള്ള റെയില്‍വേ വിഹിതം 2000 കോടി രൂപയാണ്. എന്നാല്‍ ഇത് നല്‍കാനുള്ള താത്പര്യം റെയില്‍വേ ഇതുവരെ കാണിച്ചിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോവുകയും ഒഴിഞ്ഞുമാറുകയുമാണ് റെയില്‍വേ ചെയ്യുന്നത്. റെയില്‍വേ വഹിതം പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മാസം നിര്‍മലാ സീതാരാമന് കത്തയിച്ചിരുന്നു.
സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ കെ.എന്‍ ബാലഗോപാല്‍ ഇക്കാര്യം ഉന്നയിക്കും.അതോടൊപ്പം പൊതുവിലുള്ള സ്ഥിതി കേന്ദ്രത്തെ അറിയിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ഒപ്പം തൊഴില്‍ നഷ്ടവും പരിഹരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്നും കേരളം ആവശ്യപ്പെടും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കുന്നതിനും സംസ്ഥാനങ്ങള്‍ പണം ആവശ്യപ്പെടും. സമസ്ത മേഖലകളിലും കോവിഡ് പ്രതിസന്ധി ബാധിച്ചത് ചൂണ്ടിക്കാണിച്ച് പണം ആവശ്യപ്പെടാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം.