തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) അപൂര്‍ണമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം എതിര്‍ത്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഡിപിആര്‍ ദുര്‍ബലമല്ലെന്നും ബിജെപി നേതാക്കളെ പോലെ പ്രതിപക്ഷനേതാവ് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ലമെന്റില്‍ റെയില്‍ മന്ത്രാലയം നല്‍കിയിരിക്കുന്ന മറുപടിയില്‍ കാര്യമായൊന്നുമില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. പദ്ധതിക്കായി റെയില്‍വേയുടെ ഭൂമിയേറ്റെടുക്കുന്ന കാര്യമടക്കം കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞതാണെന്നും ബാലഗോപാല്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം. പദ്ധതിയുടെ ഡിപിആര്‍ റെയില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ സാങ്കേതിക സാധ്യതയുടെ വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇത് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പഠനങ്ങളാണ് നിലവില്‍ നടക്കുന്നത്.
റെയില്‍വേ ഭൂമി എത്രവേണം എന്നതില്‍ സംയുക്തപരിശോധന നടക്കുകയാണ്. സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാകുമ്പോള്‍ സ്വകാര്യഭൂമി എത്രവേണമെന്നതിലും വ്യക്തത വരും. ഇതിന്റെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുമെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു. സില്‍വര്‍ ലൈനിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കെ റെയില്‍. വിശദീകരണം നല്‍കുന്ന മുറയ്ക്ക് പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു.