തിരുവനന്തപുരം: കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പേരുവിവരം പ്രസിദ്ധീകരിക്കുമെന്ന നിലപാട് തിരുത്തി മന്ത്രി വി. ശിവന്‍കുട്ടി. പേരുവിവരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും എത്രപേരുണ്ടെന്നു മാത്രമാകും പ്രസിദ്ധീകരിക്കുകയെന്ന് വൈകുന്നേരത്തോടെ തിരുത്തി.
വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കായിരിക്കും പ്രസിദ്ധപ്പെടുത്തുക. ഇതിനായി പ്രത്യേക വിവരശേഖരണം ആരംഭിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വാക്‌സിന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍പ്പേര്‍ വാക്സിന്‍ എടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അയ്യായിരത്തോളംപേര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, 2609 പേര്‍ മാത്രമേയുള്ളൂവെന്ന് അനൗദ്യോഗിക കണക്കുണ്ട്.
വാക്‌സിന്‍ എടുക്കാത്തവരുടെ വിവരവും അതിന്റെ കാരണവും നല്‍കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. പല സ്‌കൂളുകളില്‍നിന്നും നല്‍കിയ വിവരങ്ങള്‍ അപൂര്‍ണമാണ്. സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഇത് ക്രോഡീകരിക്കാനുമായിട്ടില്ല. തുടര്‍ന്നാണ് കണക്കുമാത്രം പ്രസിദ്ധപ്പെടുത്താനുള്ള തീരുമാനം.
ആരോഗ്യകാരണങ്ങളാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ചതോറും ആര്‍.ടി.പി.സി.ആര്‍. പരിശോധനനടത്തി കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സൗജന്യചികിത്സയും നിഷേധിച്ചിട്ടുണ്ട്.വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളില്‍ വരാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.