കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് കാണാതായതെന്നാണ് വിവരം. ആറ് പെണ്‍കുട്ടികളും ഒരുമിച്ച് കെട്ടിടത്തിന് മേല്‍ ഏണി വച്ച് ഇറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം.
ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. ദൃശ്യ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്മാന് കെ.വി.മനോജ് കുമാര്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. കമ്മിഷന് അംഗം ബി.ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും. അന്വേഷണം ഊര്‍ജിതമാക്കാനും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി. ബാലാവകാശ സംരക്ഷണ ഓഫിസറോടും അടിയന്തര റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.