പോത്തന്‍കോട്:സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മാഫിയ ശ്രമമെന്ന് എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനായി തെരഞ്ഞെടുത്ത സ്ഥലമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് എംഎല്‍എ പറയുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
നിലവില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സിവില്‍ സ്റ്റേഷന്‍ വരുന്നത്. എന്നാല്‍ തറക്കല്ലിടലിന് പിന്നാലെ ഭൂമിയില്‍ അവകാശ തര്‍ക്കം ഉണ്ടായി. വിഴിഞ്ഞം സ്വദേശിയായ അബ്ദുല്‍ കലാം എന്നയാളാണ് ഭൂമിയുടെ അവകാശത്തെ ചൊല്ലി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 1957ല്‍ അബൂബക്കര്‍ എന്ന വ്യക്തി ബ്ലോക്ക് പഞ്ചായത്തിനായി സര്‍ക്കാരിന് ഈ ഭൂമി കൈമാറി. എന്നാല്‍ അതേ സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും ഭൂമി തിരികെ നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് അബൂബക്കറിന്റെ ബന്ധുവായ അബ്ദുല്‍ കലാം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നിര്‍മാണം കോടതി ഇടപെട്ട് നിര്‍ത്തി വച്ചു. എന്നാല്‍ വിവരാവകാശ നിയമം ദുരുപയോഗം ചെയ്താണ് സ്റ്റേ നേടിയെടുത്തതെന്ന് എംഎല്‍എ ആരോപിച്ചു. ഡിബിഒ അടക്കമുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിന് പിന്നില്‍ ഉണ്ടെന്നും എംഎല്‍എ പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചതാണ് മിനി സിവില്‍ സ്റ്റേഷന്‍. 38.5 കോടി രൂപ ഇതിനായി അനുവദിച്ചു. ആധുനിക സൗകര്യത്തോടു കൂടിയുള്ള പത്ത് നില കെട്ടിടത്തിന് വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്. സ്റ്റേ നീക്കുന്നതിനായി സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്.