ന്യൂഡല്‍ഹി: പഞ്ചാബില്‍ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സര്‍ക്കാര്‍. എംഎല്‍എമാരുടെ പെന്ഷന് രീതികള്‍ പൊളിച്ചു പണിയുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍. മുന്‍ എംഎല്‍എമാര്‍ക്കുള്ള പെന്ഷന് വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. റിപ്പോര്‍ട്ട് പ്രകാരം ഇനി മുതല്‍ എംഎല്‍എമാര്‍ക്ക് ഒരു ടേം പെന്ഷന് മാത്രമാകും ലഭിക്കുക.
നിലവില്‍ ആയിരത്തിലേറെ കോടി രൂപയാണ് മുന്‍ എംഎല്‍എമാര്‍ക്ക് പെന്ഷന് നല്കാന് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും പുതിയ തീരുമാനത്തിലൂടെ ഈ പണം പഞ്ചാബിലെ സാധാരണക്കാര്‍ക്കായി മാറ്റി വയ്ക്കാനാകുമെന്നും മുഖ്യമന്ത്രി പറയുന്നു. മൂന്നും നാലും തവണ എംഎല്‍എ ആയവര്‍ക്ക് എല്ലാ ടേമിലെയും പെന്ഷന് നിലവില്‍ നല്കി വരികയായിരുന്നു. ലക്ഷക്കണത്തിനു രൂപയാണ് ഇത്തരത്തില്‍ ചില മുന്‍ എംഎല്‍എമാര്‍ കൈപ്പറ്റുന്നത്.
പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുന്‍ എംഎല്‍എമാര്‍ക്ക് ഇനി മുതല്‍ മാസം തോറും പെന്ഷന് ലഭിക്കുക. എത്ര തവണ എംഎല്‍എ ആയെന്ന് പറഞ്ഞാലും ഒറ്റ പെന്‍ഷനേ ലഭിക്കൂ എന്നതാണ് പ്രത്യേകത. ഓരോ മാസവും 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ പെന്ഷന് വാങ്ങുന്നവരും പഞ്ചാബിലുണ്ട്. ‘ഒരു എംഎല്‍എ, ഒരു പെന്ഷന്’ എന്ന ആവശ്യം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍തന്നെ എഎപി ആവശ്യപ്പെട്ടിരുന്നു. അധികാരം കിട്ടിയതിന് പിന്നാലെ ഈ തീരുമാനം നടപ്പാക്കി ഞെട്ടിക്കുകയാണ് എഎപി സര്‍ക്കാര്‍.