തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ നിയമസഭ സ്പീക്കര്‍ക്ക് കത്തു നല്‍കി. അനുമതി ലഭിച്ചാലുടന്‍ മൊബൈല്‍ നമ്പരുകള്‍ നിരീക്ഷണത്തിലാക്കും. ചൊവ്വാഴ്ച മുതല്‍ എംഎല്‍എ ഒളിവിലെന്നാണ് പൊലിസിന്റെ നിഗമനം.
എംഎല്‍എ ഹോസ്റ്റല്‍ ഉള്‍പ്പെടെ എല്‍ദോസ് കുന്നപ്പിള്ളി എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. എംഎല്‍എ ആയതിനാല്‍ അധികനാള്‍ ഒളിവില്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിനാല്‍ നാളത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞശേഷമാവും തുടര്‍ നടപടി. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോവളം പൊലീസ് എല്‍ദോസിനെതിരെ നേരത്തേ കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ബുധനാഴ്ച മൊഴിയെടുത്തപ്പോള്‍, എംഎല്‍എ തന്നെ പലയിടങ്ങളില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ചതായി കൂടി യുവതി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 376(2)(എന്‍) വകുപ്പു കൂടി ഉള്‍പ്പെടുത്തിയത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോര്‍ട്ട്, കളമശേരിയിലെ ഫ്‌ലാറ്റ്, പേട്ടയിലെ യുവതിയുടെ വീട് എന്നിവിടങ്ങളില്‍ വച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. ആവര്‍ത്തിച്ചുള്ള പീഡനക്കുറ്റം കൂടി ചുമത്തി നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.